'ദുരന്തമേഖലയിൽ സന്നദ്ധ സംഘടനകളുടെ ഭക്ഷണവിതരണം തടഞ്ഞു'; എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ സി.പി.ഐ

കൽപറ്റ: വയനാട് മേപ്പാടി ഉരുൾപൊട്ടൽ മേഖലയിൽ സന്നദ്ധ സംഘടനകളുടെ ഭക്ഷണവിതരണം എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഇടപെട്ടാണ് തടഞ്ഞതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാറിനെതിരെ തിരിച്ചു. നല്ലരീതിയിൽ പോയ രക്ഷാപ്രവർത്തനത്തിൽ എ.ഡി.ജി.പി അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നു. സന്നദ്ധ സംഘടനകൾ നൽകിയിരുന്ന ഭക്ഷണം പൊലീസ് ഇടപെട്ട് തടഞ്ഞു. റവന്യു മന്ത്രി കെ. രാജൻ ഇല്ലാത്ത ദിവസം നോക്കി ഭക്ഷണവിതരണത്തിൽ ഇടപെടുകയായിരുന്നു. സെൻസിറ്റീവായ വിഷയത്തിൽ എ.ഡി.ജി.പി സർക്കാറിനെതിരെ അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും ഇ.ജെ. ബാബു പറഞ്ഞു.

എ.ഡി.ജി.പിയുടെ ഇടപെടലിന് പിന്നില്‍ ജനങ്ങളെ സര്‍ക്കാറിനെതിരെ തിരിക്കാനുള്ള ഗൂഢലക്ഷ്യം ഉണ്ടായിരുന്നു. ഇക്കാര്യം മന്ത്രിയെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് പരിഹരിച്ചതെന്നും ഇ.ജെ. ബാബു പറഞ്ഞു. 'വയനാട് ദുരന്തം ഉണ്ടായി മണിക്കൂറുകള്‍ക്കകം മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ടുപോകുന്ന സ്ഥിതിയുണ്ടായിരുന്നു. നൂറ് കണക്കിന് വളണ്ടിയര്‍മാര്‍ സന്നദ്ധസേവനം ചെയ്തുകൊണ്ടിരിക്കെ അവര്‍ക്കുവേണ്ടി ഭക്ഷണം ഉൾപ്പെടെ വിതരണം ചെയ്തത് വയനാട്ടിലെ വിവിധ സന്നദ്ധസംഘടനകള്‍ തന്നെയാണ്. എന്നാല്‍ അവര്‍ ഭക്ഷണം കൊടുക്കേണ്ടതില്ല, സര്‍ക്കാര്‍ എത്തിക്കുമെന്ന് പറഞ്ഞത് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആയിരുന്നു. അന്നു തന്നെ ഇദ്ദേഹത്തിന്റെ പലപ്രവര്‍ത്തനങ്ങളിലും സംശയമുണ്ടായിരുന്നു' -സി.പി.ഐ ജില്ല സെക്രട്ടറി പറഞ്ഞു.

മുസ്‍ലിം ലീഗിന് കീഴിലെ വൈറ്റ് ഗാർഡ് മേപ്പാടി കള്ളാടിയിൽ ഒരുക്കിയ ഊട്ടുപുര പൊലീസ് നിർത്തിവെപ്പിച്ചത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമുയരുകയും ചെയ്തു. ഡി.ഐ.ജി തോംസൺ ജോസിന്‍റെ നിർദേശപ്രകാരമായിരുന്നു ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്​ഗാർഡ് അറിയിച്ചിരുന്നു. സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകർ പറഞ്ഞിരുന്നു. 

Tags:    
News Summary - MR Ajith Kumar tried to turn people against government by preventing food distribution in meppadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.