തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയെച്ചൊല്ലി നിയമസഭയിൽ വാഗ്വാദം. ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ടി.പി. രാമകൃഷ്ണനാണ് ആദ്യം വിമർശനമുന്നയിച്ചത്. മതരാഷ്ട്ര വാദമുയർത്തുന്ന ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും യു.ഡി.എഫിൽ ഉറപ്പിച്ചുനിർത്തി ഇടതുസർക്കാറിനെ അട്ടിമറിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഈ നിലപാടിനെ പിന്തുണക്കുകയാണെന്ന് രാമകൃഷ്ണൻ ആരോപിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിനായി തീവ്രവാദികളെ കൂടെച്ചേർക്കുകയാണ് യു.ഡി.എഫെന്ന് ഭരണപക്ഷത്തുനിന്ന് ചർച്ചയിൽ പങ്കെടുത്ത എ.സി. മൊയ്തീനും കുറ്റപ്പെടുത്തി. ന്യൂനപക്ഷത്തിന്റെ പേരുംപറഞ്ഞ് തീവ്രവാദം നടത്തുന്ന ജമാഅത്തെ ഇസ്ലാമിയെ സ്വന്തം ചിറകിൽ സംരക്ഷിച്ച് ലീഗ് കൊണ്ടുനടക്കുന്നു. അതിനെ വോട്ടിനായി പിന്തുണക്കുന്ന കോൺഗ്രസിന്റെ നിലപാടെന്താണ്. ജമാഅത്തെ ഇസ്ലാമിക്കാർ മതരാഷ്ട്രവാദം ഉപേക്ഷിച്ചോ?. ‘ഹുക്മതെ ഇലാഹി’ എന്ന് പറയുന്ന മൗദൂദിയൻ വാദം ഉപേക്ഷിച്ചോ? കേരള അമീറിനെക്കൊണ്ട് മതരാഷ്ട്രവാദത്തിൽ ഉറച്ചുനിൽക്കുന്നില്ലെന്ന പ്രസ്താവന നിങ്ങൾ ഇറക്കിച്ചിട്ടുണ്ട്. പക്ഷേ, എത്ര മറച്ചുവെക്കാൻ ശ്രമിച്ചാലും മതരാഷ്ട്രവാദമുയർത്തുന്ന ഇവരെ സ്വീകരിക്കുന്നത് ശരിയല്ല. പാണക്കാട് തങ്ങൾ പറഞ്ഞത് ഫാഷിസത്തെ എതിർക്കാൻ ന്യൂനപക്ഷ ഏകീകരണം വേണമെന്നാണ്. ജമാഅത്തെ ഇസ്ലാമിയെയും വെൽഫെയർ പാർട്ടിയെയും കൂടെക്കൊണ്ടുനടന്ന് ഏത് ഫാഷിസത്തെയാണ് എതിർക്കുക -മൊയ്തീൻ ചോദിച്ചു.
ഭരണപക്ഷ വിമർശനത്തിന് അതേ നാണയത്തിൽ പ്രതിപക്ഷത്തുനിന്ന് എൻ. ഷംസുദ്ദീൻ മറുപടി നൽകി. ‘30 കൊല്ലം ജമാഅത്തെ ഇസ്ലാമി ഒന്നിച്ചുനിന്നതും പിന്തുണ കൊടുത്തതും സി.പി.എമ്മിനാണ്. ഒടുവിൽ ജമാഅത്തെ ഇസ്ലാമി തന്നെ മനസ്സിലാക്കി, അവരെ പിന്തുണക്കാൻ കൊള്ളില്ലെന്നും ബി.ജെ.പിയുമായി അന്തർധാരയുള്ളവരാണെന്നും. ജമാഅത്തെ ഇസ്ലാമി അവരുടെ നയമാണ് മാറ്റിയത്, ഞങ്ങളല്ല.
ജമാഅത്തെ ഇസ്ലാമി അമീറിനൊപ്പം മുഖ്യമന്ത്രിയും ജലീൽ ഉൾപ്പെടെ നേതാക്കളും നിൽക്കുന്ന എത്രയോ ചിത്രങ്ങൾ വന്നു. നിങ്ങളെ പിന്തുണക്കുമ്പോൾ ‘സ്വർഗീയം’ ഞങ്ങളെ പിന്താങ്ങിയാൽ ‘വർഗീയം’ എന്നാണ് നിലപാട്. നിങ്ങളുടെ കൂടെയാണല്ലോ ഐ.എൻ.എല്ലും പി.ഡി.പിയും. അത് സ്വർഗീയമാണ്. കിട്ടാത്തത് വർഗീയതയും’- ഷംസുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.