കോഴിക്കോട്: മുനമ്പം വിഷയത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിനും സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്കും മുസ്ലിം ലീഗ് ഭാരവാഹി യോഗത്തിൽ വിമർശനം. പുനഃസംഘടിപ്പിച്ച പ്രവർത്തക സമിതിയുടെ പ്രഥമ യോഗത്തിന് മുന്നോടിയായി ചേർന്ന ഭാരവാഹി യോഗത്തിലാണ് ഇരുവർക്കുമെതിരെ രൂക്ഷ വിമർശനമുണ്ടായത്.
മുനമ്പം വിഷയത്തിലെ പാർട്ടി നിലപാട് ആമുഖമായി സാദിഖലി തങ്ങൾ വിശദീകരിച്ചു. ഇതുസംബന്ധിച്ചു ചേർന്ന മുസ്ലിം സംഘടനകളുടെ യോഗത്തിൽ തന്നെ ചുമതലപ്പെടുത്തിയ ദൗത്യമാണ് താൻ നിർവഹിക്കുന്നത്. ഭൂമി വഖഫ് ആണോ അല്ലേ എന്നതല്ല അന്നത്തെ യോഗത്തിൽ ചർച്ച ചെയ്തത്.
വിഷയത്തിൽ വർഗീയ, രാഷ്ട്രീയ മുതലെടുപ്പിനുള്ള ചിലരുടെ ശ്രമങ്ങൾക്ക് തടയിട്ട് സമവായത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് തീരുമാനം. അതിന്റെ അടിസ്ഥാനത്തിലാണ് താൻ ക്രൈസ്തവ സഭ മേധാവികളുമായി ചർച്ച നടത്തിയത്. മറ്റു വിഷയങ്ങളിൽ നിയമപരമായും വസ്തുതപരമായും തീരുമാനം പ്രഖ്യാപിക്കേണ്ടത് സർക്കാറാണെന്നും തങ്ങൾ പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളെ പിന്തുണച്ച് സംസാരിച്ചു. ലീഗിനെ പ്രതിസന്ധിയിലാക്കാൻ പുറത്തുനിന്ന് ചിലർ നിരന്തരം ശ്രമിക്കുമ്പോൾ അതിന് വളംവെക്കുന്ന രൂപത്തിൽ നേതാക്കൾ നിലപാട് സ്വീകരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് കുഞ്ഞാലിക്കുട്ടിയും ഷാജിയും തമ്മിലെ വാഗ്വാദങ്ങൾക്ക് ഇടയാക്കി. തനിക്ക് എതിരായ കാര്യങ്ങൾ പേഴ്സനൽ സ്റ്റാഫിലൂടെ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്ന് ഷാജി പറഞ്ഞത് കുഞ്ഞാലിക്കുട്ടിയെ ക്ഷുഭിതനാക്കി. സാദിഖലി തങ്ങൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
തുടർന്ന് സംസാരിച്ച എൻ. ഷംസുദ്ദീൻ, പി.എം. സാദിഖലി, അബ്ദുഹ്മാൻ രണ്ടത്താണി, അഡ്വ. മുഹമ്മദ് ഷാ എന്നിവർ കെ.എം. ഷാജിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു.
ഭൂമി വഖഫ് അല്ലെന്ന നിലപാട് ലീഗിനും യു.ഡി.എഫിനും ഇല്ലെന്നിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചത് സമുദായ സംഘടനകളുടെ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് തന്റെ പ്രതികരണമുണ്ടായതെന്ന് കെ.എം. ഷാജി വിശദീകരിച്ചു.
സതീശന്റെ അഭിപ്രായം വ്യക്തിപരമാണെങ്കിൽ തന്റെതും അങ്ങനെ എടുത്താൽ മതി. വഖഫ് ഭൂമിയല്ലെന്ന് പരസ്യമായി പറഞ്ഞ ലീഗ് സെക്രട്ടറി അഡ്വ. മുഹമ്മദ് ഷായുടെ നിലപാട് ശരിയാണോ എന്നും ഷാജി ചോദിച്ചു.
ഭാരവാഹി യോഗങ്ങൾ ചേർന്ന് ഓരോ വിഷയത്തിലുമുള്ള പാർട്ടി നിലപാട് വ്യക്തമാക്കാത്തതിനാലാണ് നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുന്നതെന്ന് കെ.പി.എ. മജീദ് കുറ്റപ്പെടുത്തി. നയം രൂപപ്പെടുത്തേണ്ട വിഷയങ്ങളുണ്ടാകുമ്പോൾ യോഗം ചേർന്ന് അഭിപ്രായ ഐക്യം രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്ന് കുഞ്ഞാലിക്കുട്ടി മറുപടി നൽകി. മുനമ്പം വിഷയം മത ധ്രുവീകരണത്തിനും വർഗീയ മുതലെടുപ്പിനും വഴിയൊരുക്കുന്നതിനെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്ന് ഉണർത്തിയ സാദിഖലി തങ്ങളുടെ നിലപാടിന് പിന്നീട് യോഗം പിന്തുണ പ്രഖ്യാപിച്ചു.
രണ്ട് മണിക്കൂറോളമാണ് മുനമ്പം വിഷയം ഭാരവാഹി യോഗം ചർച്ച ചെയ്തത്. തുടർന്ന് ചേർന്ന പ്രവർത്തക സമിതിയിലും സാദിഖലി തങ്ങൾ പാർട്ടി നിലപാട് വിശദീകരിച്ചു. എന്നാൽ, വിഷയത്തിൽ കൂടുതൽ ചർച്ച വേണ്ടതില്ലെന്ന് തങ്ങൾ നിർദേശിച്ചു. തങ്ങളുടെ നിലപാടിന് പ്രവർത്തക സമിതിയും പിന്തുണ പ്രഖ്യാപിച്ചു.
സമസ്തയിലെ സംഭവവികാസങ്ങൾ ചർച്ചയായില്ലെങ്കിലും പ്രശ്ന പരിഹാരത്തിന് നിരന്തരം ശ്രമം നടത്തുന്നുണ്ടെന്ന് സാദിഖലി തങ്ങൾ ഭാരവാഹി യോഗത്തിൽ വ്യക്തമാക്കി. സമസ്തക്ക് ഏൽക്കുന്ന പരിക്ക് ലീഗിനെയും ബാധിക്കുമെന്നതിനാൽ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയുമുള്ള ഇടപെടലാണ് ആവശ്യമെന്നും തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.