മലപ്പുറം: മുസ്ലിംലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പാണക്കാട്ട് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്.
മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉപതെരഞ്ഞെടുപ്പ് വരുന്ന മലപ്പുറം ലോക്സഭ മണ്ഡലത്തിൽ അബ്ദുസമദ് സമദാനി ജനവിധി തേടും. എം.കെ. മുനീർ കൊടുവള്ളിയിലോ സിറ്റിങ് മണ്ഡലമായ കോഴിക്കോട് സൗത്തിലോ സ്ഥാനാർഥിയാകും.
മഞ്ഞളാംകുഴി അലി പഴയ തട്ടകമായ മങ്കടയിലേക്ക് മാറും. രാജ്യസഭ എം.പി പി.വി. അബ്ദുൽ വഹാബ് മഞ്ചേരിയിലും അഡ്വ. യു.എ. ലത്തീഫ് മലപ്പുറത്തും മത്സരിച്ചേക്കും. വഹാബ് നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് രാജ്യസഭാംഗമാകുമെന്നാണ് അറിയുന്നത്.
മുനീറിെൻറ മണ്ഡലമായ കോഴിക്കോട് സൗത്തിൽ വനിതകൾക്ക് അവസരം നൽകിയേക്കും. അഡ്വ. നൂർബീന റഷീദ്, കുൽസു ടീച്ചർ എന്നിവരിലാരെങ്കിലുമായിരിക്കും സ്ഥാനാർഥി.
സിറ്റിങ് എം.എൽ.എമാരായ ടി.വി. ഇബ്രാഹീം, പി.കെ. ബഷീർ, ഹമീദ് മാസ്റ്റർ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ നിലവിലെ മണ്ഡലങ്ങളിൽ തുടരും. അന്തിമ പട്ടികയിൽ മണ്ഡലങ്ങളിൽ മാറ്റമുണ്ടായേക്കാമെങ്കിലും കെ.എം. ഷാജിയും എൻ. ഷംസുദ്ദീനും വീണ്ടും മത്സരിക്കും. പെരിന്തൽമണ്ണയിൽ കെ.എം. ഷാജിയുടെയും താനൂരിൽ പി.കെ. ഫിറോസിെൻറയും പേരുകളാണ് പരിഗണിക്കുന്നത്.
തിരുവമ്പാടി സീറ്റിൽ ലീഗ് സ്ഥാനാർഥി തന്നെ മത്സരിക്കും. കളമശ്ശേരിയിൽ സിറ്റിങ് എം.എൽ.എ ഇബ്രാഹീം കുഞ്ഞിെൻറ മകൻ ഗഫൂർ സ്ഥാനാർഥിയായേക്കും. എം.കെ.എം. അശ്റഫ് (മഞ്ചേശ്വരം), എൻ.എ. നെല്ലിക്കുന്ന് (കാസർകോട്), ഉമ്മർ പാണ്ടികശാല, നജീബ് കാന്തപുരം (കുന്ദമംഗലം), പി.കെ ഖാസിം, സി.പി. ചെറിയമുഹമ്മദ് (തിരുവമ്പാടി), അബ്ദുല്ല (കൂത്തുപറമ്പ്), സി.പി. ബാവ ഹാജി, എം.എ. സമദ്, അഡ്വ. ഫൈസൽ ബാബു എന്നിവരുടെ പേരുകളും സാധ്യത പട്ടികയിലുണ്ട്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, സാദിഖലി ശിഹാബ് തങ്ങള്‍, എം.പി. അബ്ദുസമദ് സമദാനി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി വെള്ളിയാഴ്ച രാവിലെ യോഗം ചേർന്ന് അന്തിമ പട്ടികക്ക് രൂപം നൽകിയതിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.