ചെന്നൈ: തമിഴ്നാട്ടിലെ 17 യുവമിഥുനങ്ങളെ ദാമ്പത്യ ജീവിതത്തിലേക്ക് കൈപിടിച്ച്, മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് പാർട്ടി പിറന്ന മണ്ണിൽ ഉജ്ജ്വല തുടക്കം. ചെന്നൈ റോയപുരത്തെ റംസാൻ മഹൽ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി സമുന്നത നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സമൂഹ വിവാഹം. 14 മുസ്‍ലിം ദമ്പതികൾ ഖാദിമാരുടെ കാർമികത്വത്തിൽ വിവാഹിതരായപ്പോൾ ഹൈന്ദവ, ക്രൈസ്തവ കുടുംബങ്ങൾ അവരുടെ ആചാരപ്രകാരമാണ് വിവാഹിതരായത്.
ഓൾ ഇന്ത്യ കേരള മുസ്‍ലിം കൾച്ചറൽ സെന്റർ (എ.ഐ.കെ.എം.സി.സി) തമിഴ്നാട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു മുസ്‍ലിം ലീഗ് 75ാം വാർഷികത്തോടനുബന്ധിച്ചുള്ള വിവാഹ ചടങ്ങ്. അന്താരാഷ്ട്ര വനിത ദിനത്തിൽ 17 ദമ്പതികൾക്ക് പുതുജീവിതം സമർപ്പിക്കാൻ സാധിച്ചതിൽ മുസ്‍ലിം ലീഗിന് അഭിമാനമുണ്ടെന്ന് ഉദ്ഘാടനം നിർവഹിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‍ലിം എന്ന പേരുവെച്ചുതന്നെ എല്ലാ വിഭാഗത്തിനുംവേണ്ടി പ്രവർത്തിക്കുകയെന്ന ദൗത്യം പാർട്ടി ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്നുണ്ടെന്ന് അധ്യക്ഷത വഹിച്ച ദേശീയ പ്രസിഡന്റ് കെ.എം. ഖാദർ മൊയ്തീൻ പറഞ്ഞു.
വൈവിധ്യമാർന്ന സംസ്കാരങ്ങളെ ഉൾക്കൊള്ളാൻ തയാറാകണമെന്ന സന്ദേശമാണ് വിവിധ മതസ്ഥരെ ഉൾക്കൊള്ളിച്ച സമൂഹ വിവാഹത്തിലൂടെ ലക്ഷ്യമാക്കിയതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമിഴ്നാട് സർക്കാറിന്റെ മുഖ്യ ഖാദി മൗലവി മുഫ്തി ഡോ. സലാഹുദ്ദീൻ മുഹമ്മദ് അയ്യൂബ് നിക്കാഹിന് മുഖ്യ കാർമികത്വം വഹിച്ചു.
മുസ്‍ലിം ലീഗ് തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം. മുഹമ്മദ് അബൂബക്കർ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, കെ. നവാസ് കനി, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ എം. അബ്ദുറഹ്മാൻ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ബാസലി തങ്ങൾ, റശീദലി തങ്ങൾ, വനിത ലീഗ് തമിഴ്നാട് പ്രസിഡന്റ് എം.സി. ഫാത്തിമ മുസഫർ തുടങ്ങിയവർ പങ്കെടുത്തു. പി.കെ. പോക്കർ ഹാജി സ്വാഗതവും കെ.പി. ഇബ്രാഹിം ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.