കൽപറ്റ: മുട്ടിൽ മരം മുറിക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ താനൂർ ഡി.വൈ.എസ്.പി ബെന്നിയെ ചുമതലയിൽനിന്ന് മാറ്റരുതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ഒരു വാർത്താചാനലിന്റെ ഉടമസ്ഥതയും ഗുണ്ടകളും രാഷ്ട്രീയ പിൻബലവും ഉണ്ടെങ്കിൽ എന്തും നടത്താമെന്നും കേസുകൾ അട്ടിമറിക്കാമെന്നുമുള്ള പ്രതികളുടെ ധാർഷ്ട്യം അവസാനിപ്പിക്കാൻ കേരളീയ സമൂഹം ഒന്നടങ്കം ശബ്ദമുയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പി ബെന്നിക്കെതിരെ പ്രതികളുടെ ഉടമസ്ഥതയിലുള്ള ചാനൽ ഗൂഢാലോചന നടത്തി നിരന്തരം കുപ്രചരണം അഴിച്ചുവിട്ട് സമ്മർദത്തിലാക്കുകയാണ്. ഇതേതുടർന്നാണ് അദ്ദേഹം അന്വേഷണ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന് പൊലീസ് മേധാവിക്ക് കത്ത് നൽകിയത്. സമ്മർദ്ദത്തെയും ഭീഷണിയെയും അതിജീവിച്ചാണ് കേസിന്റെ അന്വേഷണം അദ്ദേഹം പൂർത്തിയാക്കിയത്. വീട്ടുവീഴ്ചയില്ലാതെ കേസ് അന്വേഷിച്ച ഡി.എഫ്.ഒ ധനേഷ് കുമാറിനെയും അഗസ്റ്റിൻ സഹോദരന്മാരും അവരുടെ ബിനാമികളും ചാനലും വിടാതെ പിന്തുടരുകയാണ്. കോഴിക്കോട്ടെ കോൺഗ്രസ് നേതാവിനെയാണ് അഗസ്റ്റിൻ സേഹാദരന്മാർ രംഗത്തിറക്കിയിരിക്കുന്നതെന്നും യോഗം ആരോപിച്ചു.
സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, തച്ചമ്പത്ത് രാമകൃഷ്ണൻ, ബാബു മൈലമ്പാടി, എം. ഗംഗാധരൻ, സി.എ. ഗോപാലകൃഷ്ണൻ, സുലോചന രാമകൃഷ്ണൻ, സണ്ണി മരക്കടവ്, പി.എം. സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.