കണ്ണൂർ: സി.പി.എമ്മിന്റെ സൈദ്ധാന്തിക മുഖവും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദന് 70ാം പിറന്നാൾ. അടിമുടി പാർട്ടിയായ ഗോവിന്ദൻ മാസ്റ്റർ പതിവുപോലെ ഇത്തവണയും പിറന്നാൾ ആഘോഷത്തിനൊന്നും നിന്നില്ല. ആശംസകൾ നേർന്ന സഖാക്കളോടും സഹപ്രവർത്തകരോടും സ്വതസിദ്ധമായ ചിരി മാത്രം. പിറന്നാൾ ദിനമായ ഞായറാഴ്ച തലസ്ഥാനത്ത് പാർട്ടി പരിപാടികളിൽ തിരക്കിലായിരുന്നു എം.വി. ഗോവിന്ദൻ.
1953 ഏപ്രിൽ 23ന് കണ്ണൂർ ജില്ലയിലെ മൊറാഴയിൽ പരേതരായ കെ. കുഞ്ഞമ്പുവിന്റെയും എം.വി. മാധവിയുടെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയതിന് ശേഷം ഫിസിക്കൽ എജുക്കേഷൻ ഡിപ്ലോമ വിജയിച്ച് പരിയാരം ഇരിങ്ങൽ യു.പി സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായി. മുഴുവൻ സമയ പാർട്ടി പ്രവർത്തകനായപ്പോൾ ജോലിയിൽനിന്ന് സ്വയം വിരമിച്ചു. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കോടിയേരി ബാലകൃഷ്ണന് രോഗാവസ്ഥമൂലം കഴിയാത്ത സാഹചര്യത്തിലാണ് എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
രണ്ടാം പിണറായി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രി ആയിരിക്കെയാണ് കേന്ദ്ര കമ്മിറ്റിയംഗമായ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായത്. പിന്നാലെ പോളിറ്റ് ബ്യൂറോ അംഗവുമായി. 1996ലും 2001ലും 2021ലും തളിപ്പറമ്പിൽനിന്ന് നിയമസഭയിലെത്തി. സി.പി.എം കാസർകോട് ഏരിയ സെക്രട്ടറിയായും കണ്ണൂർ, എറണാകുളം ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ദേശാഭിമാനി, മാർക്സിസ്റ്റ് സംവാദം ചീഫ് എഡിറ്ററായിരുന്നു. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറിയുമായ പി.കെ. ശ്യാമളയാണ് ഭാര്യ. മക്കൾ: ജി.എസ്. ശ്യാംജിത്ത് (ചലച്ചിത്ര പ്രവർത്തകൻ), ജി.എസ്. രംഗീത് (അഭിഭാഷകൻ, കണ്ണൂർ). മരുമകൾ: സിനി നാരായണൻ (യു.എസ്.ടി ഗ്ലോബൽ, തിരുവനന്തപുരം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.