തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിൽ നടന്ന ഏഴ് മരണങ്ങളിലെ ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലേക്ക്. പലതരത്തിലുള്ള തിരിമറികൾ ഇൗ കേസിൽ നടന്നെന്ന വിലയിരുത്തലാണ് അന്വേഷണസംഘത്തിന്.
കുടുംബത്തിൽ അവസാനം മരിച്ച ജയ മാധവൻനായരെ ആശുപത്രിയിലെത്തിച്ച വാഹനത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിലെ കട്ടിലിൽനിന്ന് വീണുകിടന്ന, കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയ മാധവൻനായരെ മുൻ കാര്യസ്ഥനായ സഹദേവൻ ഏർപ്പാടാക്കിയ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചെന്ന കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴി തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇതുവരെ അന്വേഷണപരിധിയിൽ ഉൾപ്പെടാത്ത രവീന്ദ്രന്‍നായരുടെ സുഹൃത്തിെൻറ ഒാേട്ടായിലാണ് ജയ മാധവൻനായരെ ആശുപത്രിയിലെത്തിച്ചതെന്നാണ് അന്വേഷണസംഘം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സഹദേവെൻറ സഹായത്തോടെ ഓട്ടോ വിളിച്ചെന്ന മൊഴിയെക്കുറിച്ച് രവീന്ദ്രൻനായർക്ക് വിശദീകരിക്കേണ്ടിവരും. ഓട്ടോ ഏർപ്പാടാക്കിയിട്ടില്ലെന്നാണ് സഹദേവെൻറയും മൊഴി. ഇൗ തെറ്റായ മൊഴി എന്തിനായിരുന്നെന്ന കാര്യമാണ് പരിശോധിച്ചുവരുന്നത്. തലക്കേറ്റ പരിക്കാണ് ജയ മാധവൻനായരുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
പരിക്ക് എങ്ങനെ സംഭവിച്ചെന്നറിയാൻ ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ അടുത്തമാസം പകുതിയോടെ കേസിെൻറ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അന്വേഷണസംഘം വൃത്തങ്ങൾ പറയുന്നത്. വീട്ടിലെ ജോലിക്കാരിയായ ലീലയുടെ മൊഴിയിലെ പൊരുത്തക്കേടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ജയ മാധവൻനായർ വിവാഹം കഴിക്കാൻ ആലോചിച്ചിരുന്നതായും അതിനെ ചിലർ തടസ്സപ്പെടുത്തിയതായും മൊഴിയുണ്ട്.
കുടുംബത്തില്‍ 1971 മുതല്‍ നടന്ന ഏഴു മരണങ്ങളില്‍ ചിലതില്‍ ദുരൂഹതയുണ്ടെന്ന കുടുംബാംഗമായ പ്രസന്നകുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.