കോഴിക്കോട്: മദ്റസകൾക്ക് സഹായങ്ങൾ നൽകുന്നത് നിർത്തലാക്കണമെന്നും മദ്റസകൾ അടച്ചുപൂട്ടണമെന്നുമുള്ള ദേശീയ ബാലാവകാശ കമീഷൻ നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധം. വിവിധ മുസ്ലിം സംഘടനകൾ ഇതിനെതിരെ രംഗത്തെത്തി. ഭരണഘടനാപരമായി ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകിയ അവകാശങ്ങളുടെ ലംഘനമാണിതെന്നും അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ മദ്റസകൾക്ക് സഹായങ്ങൾ നൽകുന്നത് നിർത്തലാക്കണമെന്നും മദ്റസകൾ അടച്ചുപൂട്ടണമെന്നും ദേശീയ ബാലാവകാശ കമീഷൻ സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശങ്ങൾ സംഘ്പരിവാറിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബ്റഹ്മാൻ.
മദ്റസകൾക്കെതിരെ ഹിന്ദുത്വ ശക്തികൾ കാലങ്ങളായി നടത്തിവരുന്ന വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമാണ് ദേശീയ ബാലവകാശ കമീഷന്റെ നടപടി. മദ്റസകൾക്ക് നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാറുകൾ നിർത്തലാക്കണമെന്നും മദ്റസ ബോർഡുകൾ നിർത്തലാക്കണമെന്നുമുള്ള നിർദേശങ്ങളാണ് ദേശീയ ബാലാവകാശ കമീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലുളളത്.
മദ്റസകൾ മതപരമായ അറിവുകൾ പകർന്ന് നൽകുന്ന കേന്ദ്രങ്ങളാണ്. എല്ലാ മതവിശ്വാസികൾക്കും അവരുടെ മതം പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നു. അവയെ നിർത്തലാക്കാനുള്ള നീക്കം മൗലികാവകാശങ്ങൾക്കെതിരെയുള്ള നീക്കമാണ്. ഇതിനെതിരെ പൗരസമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും അമീർ ആവശ്യപ്പെട്ടു.
ദേശീയ ബാലാവകാശ കമീഷന്റെ ഉത്തരവ് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിൻമേലുമുള്ള നഗ്നമായ കടന്നാക്രമണമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ്. ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും തീർത്തും സ്വതന്ത്രമായി സർക്കാറിന്റെ സാമ്പത്തിക സഹായമില്ലാതെയാണ് ആയിരക്കണക്കിന് മദ്റസകൾ പ്രവർത്തിക്കുന്നത്. ഇത് നാടിന്റെ സൗഹാർദത്തിനും ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഏറെ സംഭാവനകൾ നൽകുന്ന മികച്ച വിദ്യാഭ്യാസകേന്ദ്രങ്ങളാണ്.
വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യയിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും മുസ്ലിം കുട്ടികൾക്ക് പ്രാഥമിക മത പഠനത്തോടൊപ്പം തന്നെ സ്കൂൾ വിദ്യാഭ്യാസവും നൽകുന്ന സമ്പ്രദായമാണ് പതിറ്റാണ്ടുകളായുള്ളത്. ന്യൂനപക്ഷ ജനവിഭാഗങ്ങളെ അരക്ഷിതത്വത്തിലാക്കാനും സാമുദായിക ചേരിതിരിവുണ്ടാക്കാനുമുള്ള ഗൂഢ നീക്കത്തിൽനിന്ന് ബാലാവകാശ കമീഷനും കേന്ദ്ര സർക്കാറും പിന്തിരിയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
രാജ്യത്തെ മദ്റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. മദ്റസകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളും അടച്ചുപൂട്ടല്‍ നീക്കവും സംഘ്പരിവാര സര്‍ക്കാറിന്റെ വംശീയ താൽപര്യങ്ങളുടെ തുടര്‍ച്ചയാണ്. വഖഫ് നിയമ ഭേദഗതിയുള്‍പ്പെടെ വിവിധ ഭീകരനിയമങ്ങള്‍ ചുട്ടെടുത്ത് ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന മതരാഷ്ട്രം കെട്ടിപ്പടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സമ്പന്നമായ വൈവിധ്യങ്ങളെ തച്ചുടച്ച് ഏകശിലാ ക്രമത്തിലുള്ള രാജ്യം സൃഷ്ടിക്കാമെന്ന വ്യാമോഹത്തെ രാജ്യത്തെ പൗരഭൂരിപക്ഷം ചെറുത്തുതോൽപിക്കുമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ഓര്‍മിപ്പിച്ചു.
മദ്റസകൾക്കെതിരായ ബാലാവകാശ കമീഷന്റെ നീക്കം പ്രതിഷേധാർഹമാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവർ പറഞ്ഞു. പതിറ്റാണ്ടുകളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സർക്കാർ സഹായത്തോടെ പ്രവർത്തിച്ചുവരുന്ന മദ്റസകൾ അടച്ചുപൂട്ടാനുള്ള നീക്കം പ്രതിഷേധാർഹമാണ്. ഗ്രാമീണ മേഖലയിലെ പിന്നാക്ക പ്രദേശങ്ങളിലെ ഈ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ആവശ്യമായ നിർദേശമാണ് ബാലാവകാശ കമീഷൻ നൽകേണ്ടത്. ജനസംഖ്യയുടെ തോതനുസരിച്ച് ആവശ്യമായ വിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിലുള്ള സംവിധാനംപോലും അടച്ചുപൂട്ടാനുള്ള നീക്കം ദുരുദ്ദേശ്യപരമാണ്. കേന്ദ്ര സർക്കാർ ഈ നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
രാജ്യത്തെ മദ്റസകൾ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമീഷന്റെ ആസൂത്രിത നീക്കം അങ്ങേയറ്റം അപലപനീയവും മതേതര ഇന്ത്യയോടുള്ള വെല്ലുവിളിയുമാണെന്ന് ഐ.എൻ.എൽ. മദ്റസകൾ എക്കാലവും ആർ.എസ്.എസിന്റെ കണ്ണിലെ കരടാണ്. കേരളത്തിൽ സർക്കാർ സഹായത്തോടെ ഒരു മദ്റസയും പ്രവർത്തിക്കുന്നില്ല. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കാലാകാലങ്ങളായി നിലനിന്നുപോന്ന സ്ഥാപനത്തിന് എതിരെയാണ് ഇപ്പോൾ വാളോങ്ങിയിരിക്കുന്നത്. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കോഴിക്കോട്: വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ മദ്റസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമീഷന്റെ നിർദേശം ദുരുദ്ദേശ്യപരവും മൗലികാവകാശ ലംഘനമാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. നിലവില്‍ സ്കൂളുകളില്‍ പോവാത്ത ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടാക്കാനാണ് ബാലാവകാശ കമീഷന് നിര്‍ദേശം നല്‍കേണ്ടത്. ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളര്‍ഷിപ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ മറ്റൊരു മുസ്ലിം വിരുദ്ധ അജണ്ടയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ മദ്റസകൾ ഇല്ലാതാക്കി ന്യൂനപക്ഷ വിഭാഗങ്ങളോട് വിവേചനം കാണിക്കുന്ന കേന്ദ്ര സർക്കാർ നീക്കം അത്യന്തം അപകടകരമാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശത്തെ കവർന്നെടുക്കാനുള്ള ശ്രമം അപലപനീയമാണ്. മത -ഭൗതിക വിദ്യാഭ്യാസം നൽകുന്ന സർക്കാർ അംഗീകാരമുള്ള ഉത്തരേന്ത്യയിലെ മദ്റസകൾ അടച്ചുപൂട്ടി അവിടത്തെ വിദ്യാർഥികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കണമെന്ന നിർദേശം ഭരണഘടനാ വിരുദ്ധമാണ്. മദ്റസകൾ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഹനിക്കുന്നുവെന്ന കണ്ടെത്തൽ ശുദ്ധ നുണയാണ്.
മദ്റസകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും സഹായം നൽകുന്നതിന് പകരം ഒരു വിഭാഗത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടയിടാനുള്ള നീക്കം അത്യന്തം ഗൗരവമായി കാണണമെന്നും കെ.എൻ.എം ആവശ്യപ്പെട്ടു.
മദ്റസകളുടെ പ്രവർത്തനങ്ങൾ അടച്ചുപൂട്ടണമെന്നും മദ്റസ ബോർഡുകൾക്കുള്ള ധനസഹായങ്ങൾ നിർത്തലാക്കണമെന്നുമുള്ള നിർദേശങ്ങൾ ഭരണഘടന വിരുദ്ധമാണെന്ന് നാഷനൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്. അങ്ങേയറ്റം വർഗീയപരവും വിവേചനപരവുമാണ് കേന്ദ്രസർക്കാറിന്റെ നീക്കം. മദ്റസ സംവിധാനത്തെ തകർക്കണമെന്ന സംഘ്പരിവാർ അജണ്ടയാണ് ഇതിനു പിന്നിൽ. കേന്ദ്രസർക്കാർ സ്വീകരിച്ചുപോരുന്ന നടപടികൾ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത സദാചാരബോധവും ഉത്കൃഷ്ട മൂല്യങ്ങളും പകർന്നുനൽകി കുരുന്നുമനസ്സുകളുടെ സ്വഭാവ രൂപവത്കരണത്തിന് നിസ്തുല സംഭാവന നൽകുന്ന മതപാഠശാലകൾക്കെതിരെ നടക്കുന്ന നീക്കങ്ങൾ അത്യന്തം അപലപനീയമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് മുഹമ്മദ് സക്കീർ. നയാപൈസയുടെ സർക്കാർ ആനുകൂല്യങ്ങൾ ഇന്നേവരെ കൈപ്പറ്റിയിട്ടില്ലാത്ത കേരളത്തിലെ മതപഠന സംരംഭങ്ങളെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് ഉന്മൂലനം ചെയ്യാൻ നടക്കുന്ന ഗൂഢാലോചനകൾ പ്രതിഷേധാർഹവും ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള അവകാശങ്ങളുടെ ലംഘനവുമാണ്.
മദ്റസകള്‍ നിർത്തിവെക്കണമെന്ന ദേശീയ ബാലാവകാശ കമീഷൻ നിർദേശം കേരളത്തെ ബാധിക്കില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ. സര്‍ക്കാറിന്റെ ഒരു സഹായവും ഇവിടത്തെ മദ്റസകള്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതം അനുഷ്ഠിക്കാന്‍ ഇന്ത്യയില്‍ അവകാശമുണ്ട്. അനുഷ്ഠിക്കാന്‍ അത് പഠിക്കണം, അതിനാണ് സ്ഥാപനങ്ങള്‍. മദ്റസകള്‍ നിർത്തിവെപ്പിക്കുന്നത് മൗലികാവകാശ ലംഘനമാണ്. മദ്റസ നടത്തിപ്പിൽ കുറവുകളുണ്ടെങ്കില്‍ അടച്ചുപൂട്ടുകയല്ല; പരിഹാരം കാണുകയാണ് വേണ്ടത്. നിർദേശം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ഭാവിയില്‍ കേരളത്തിലെ മദ്റസകളെയും മറ്റു സമുദായങ്ങളുടെ സ്ഥാപനങ്ങളെയും ഇത്തരം നടപടികൾ ബാധിക്കും. കേരളത്തിലെ എം.പിമാര്‍ പാര്‍ലമെന്റില്‍ ഇതിനെതിരെ സംസാരിക്കണമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക് മേൽ കത്തിവെച്ച് ഭരണഘടന ഉന്മൂലനം ചെയ്യാനുള്ള കേന്ദ്രസർക്കാറിന്റെ വർഗീയ അജണ്ടകളുടെ മറ്റൊരു വേർഷനാണ് മദ്റസകൾക്കെതിരെയുള്ള ബാലാവകാശ കമീഷന്റെ നീക്കമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മതേതര സമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. മുസ്ലിം ലീഗ് രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇഷ്ടപ്പെട്ട മതം വിശ്വസിക്കാനും അത് പഠിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം ഭരണഘടന അനുവദിച്ചതാണ്. ഇസ്ലാം മത ആചാരങ്ങളും അനുഷ്ഠാനങ്ങളും മൂല്യങ്ങളും പഠിപ്പിക്കുന്ന കേന്ദ്രങ്ങളായിട്ടാണ് മദ്റസകൾ പ്രവർത്തിക്കുന്നത്. അതൊരിക്കലും രാജ്യവിരുദ്ധമല്ലെന്ന് മാത്രമല്ല ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്ന ഇടം കൂടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മദ്റസകൾക്കുള്ള ധനസഹായം നിർത്തലാക്കാനും അടച്ചുപൂട്ടാനുമുള്ള ദേശീയ ബാലാവകാശ കമീഷന്റെ നിർദേശം സംഘ്പരിവാറിന്റെ മുസ്ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. മദ്റസകളിലെ വിദ്യാഭ്യാസരീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നെന്ന കമീഷന്റെ നിരീക്ഷണം വസ്തുനിഷ്ഠമോ യുക്തിസഹമോ അല്ല. ഭരണഘടന ഉറപ്പ് നൽകുന്ന മതപരമായ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ബാലാവകാശ കമീഷേൻറതെന്നും അദ്ദേഹം പറഞ്ഞു.'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.