തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ എൻ.സി.പിയിൽ നീക്കം. തിങ്കളാഴ്ച കൊച്ചിയിൽ ചേർന്ന ജില്ല പ്രസിഡന്‍റുമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ച നടന്നു. ഭൂരിപക്ഷം ജില്ല പ്രസിഡന്‍റുമാരും സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോയും തോമസ് കെ. തോമസ് മന്ത്രിയാകുന്നതിനെ അനുകൂലിച്ചതായാണ് വിവരം. തീരുമാനം ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ അറിയിക്കാൻ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനമൊഴിയാൻ സന്നദ്ധനല്ല. പാർട്ടി നിർബന്ധിച്ച് രാജിവെപ്പിച്ചാൽ എം.എൽ.എ സ്ഥാനംകൂടി ഒഴിയുമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.
മന്ത്രിമാറ്റത്തിൽ എൻ.സി.പിയിലെ അന്തിമതീരുമാനം ശരദ് പവാറിന്‍റേതാകും. എന്നാൽ, എൻ.സി.പി തീരുമാനിച്ചാലും ഈ ഘട്ടത്തിൽ മാറ്റത്തിന് സി.പി.എമ്മും മുഖ്യമന്ത്രിയും അനുകൂലമാകുമോയെന്നതും വിഷയമാണ്. നേരത്തേ, രണ്ടര വർഷ കരാർപ്രകാരമുള്ള മന്ത്രിമാറ്റ സമയത്ത് എൻ.സി.പിയിലെ മന്ത്രിക്കും മാറ്റം വേണമെന്ന് തോമസ് കെ. തോമസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. അന്ന് എൻ.സി.പി പ്രസിഡന്‍റ് പി.സി. ചാക്കോ മന്ത്രിമാറ്റത്തിന് എതിരായിരുന്നു. ഇപ്പോൾ പ്രസിഡന്‍റ് നിലപാട് മാറിയതാണ് തോമസ് കെ. തോമസിന് പ്രതീക്ഷ നൽകുന്നത്.
എൻ.സി.പിയുടെ രണ്ട് എം.എൽ.എമാർ രണ്ടര വർഷം വീതം മന്ത്രിപദവി പങ്കിടണമെന്ന് കരാറുണ്ടെന്നാണ് തോമസ് കെ. തോമസിന്‍റെ നിലപാട്. അന്ന് എൻ.സി.പി ദേശീയ നേതാവായിരുന്ന പ്രഫുൽ പട്ടേലിന്‍റെ സാന്നിധ്യത്തിലുണ്ടാക്കിയ കരാർ മുഖ്യമന്ത്രി പിണറായി വിജയനും അറിയാമെന്നും പറഞ്ഞു. എന്നാൽ, കരാർ അറിയില്ലെന്നായിരുന്നു പിണറായിയുടെ നിലപാട്. പ്രഫുൽ പട്ടേൽ ശരദ് പവാറിന്‍റെ എൻ.സി.പി വിട്ടുപോവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.