കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ. പരീക്ഷ കഴിഞ്ഞു കോളജിൽ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതർ പറഞ്ഞുവെന്നതടക്കമുള്ള ആരോപണമാണ് വിദ്യാർഥിനി ഉന്നയിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ ഉണ്ടായത് മോശം അനുഭവമായിരുന്നുവെന്നും അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയതെന്നും ഇവർ പറഞ്ഞു.
അതേസമയം, സംഭവം പാർലമെന്റിൽ ഉന്നയിക്കുമെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്നും എൻ. കെ പ്രേമചന്ദ്രൻ എം. പി വ്യക്തമാക്കി.
പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി പറഞ്ഞു. അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് വസ്തു ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം അഴിപ്പിച്ചതെന്ന് ശൂരനാട് സ്വദേശി പറഞ്ഞു. തന്റെ മകളുടെ മാത്രമല്ല പരീക്ഷക്കെത്തിയ 90 ശതമാനം പെൺകുട്ടികളുടെയും അടിവസ്ത്രം ഊരിവെപ്പിച്ചാണ് പരീക്ഷയെഴുതിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കോളജ് അധികൃതർ പറഞ്ഞു. പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നും കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി. കുട്ടികളെ അപമാനിച്ചതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. പരീക്ഷ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയെ അതൃപ്തി അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പറഞ്ഞു.
വിദ്യാർതിനികളും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ''നീറ്റിനായി എട്ടാം ക്ലാസ് മുതലുള്ള തയാറെടുപ്പായിരുന്നു. പരിശോധനയുടെ പേരിൽ അടിവസ്ത്രം അഴിപ്പിച്ചതോടെ മനസ്സ് തകർന്ന് പരീക്ഷാ ഹാളിൽനിന്ന് ഇറങ്ങേണ്ടിവന്നു.
മാതാപിതാക്കൾക്കൊപ്പം ആത്മവിശ്വാസത്തോടെയാണ് പരീക്ഷാ കേന്ദ്രത്തിലെത്തിയത്. ആദ്യ ഗേറ്റിൽ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തി. അടുത്ത ഘട്ടമായി വിരലടയാളം ഉൾപ്പെടെ ബയോമെട്രിക് വിവരങ്ങൾ പരിശോധിച്ചു. മൂന്ന് വനിതാ ജീവനക്കാരുടെ മുന്നിലേക്കാണ് പിന്നെയെത്തിയത്.
മെറ്റൽ ഡിറ്റക്ടർ വഴി സ്കാൻ ചെയ്തപ്പോൾ ബീപ് ശബ്ദം കേട്ടു. അടിവസ്ത്രത്തിലെ ലോഹ ക്ലിപ്പാണു കാരണമെന്നു മനസ്സിലാക്കിയതോടെ അത് ഒഴിവാക്കാൻ പറഞ്ഞു. ഒരു ജീവനക്കാരിയാണ് വാശിയോടെ ഇടപെട്ടത്''-പെൺകുട്ടികൾ പറയുന്നു. കുട്ടികളിൽനിന്നും ഊരിമാറ്റിയ അടിവസ്ത്രങ്ങൾ ക്ലാസ് മുറിയിൽ കൂട്ടിയിട്ട നിലയിലായിരുന്നു എന്നും പരീക്ഷ കഴിഞ്ഞ് മടങ്ങവെ ഇത് കോളജിൽവെച്ച് ധരിക്കാൻ അനുവദിച്ചില്ലെന്നും കുട്ടികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.