നെന്മാറ: പതിനൊന്നു വർഷം ഒറ്റമുറിയിൽ ആരുമറിയാതെ ഒരുമിച്ചു പാർത്ത പ്രണയജോഡികളായ റഹ്മാനും സജിതയും നിയമപരമായി വിവാഹത്തിനൊരുങ്ങുന്നു. പ്രാരംഭമായി നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ ബുധനാഴ്ച രാവിലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനുള്ള അപേക്ഷ നൽകി.
ഇവരെ അനുമോദിക്കാനായി സ്ഥലം എം. എൽ.എ.കെ.ബാബുവും, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയൻറ് സെക്രട്ടറി ആർ.ശാന്തകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ രാജീവ്, അയിലൂർ പഞ്ചായത്തംഗം കെ. പുഷ്പാകരൻ എന്നിവരും എത്തിയിരുന്നു. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മറ്റിയുടെ ഉപഹാരങ്ങൾ എം.എൽ.എ ഇവർക്ക് നൽകി.
സജിതയുടെ മാതാപിതാക്കളും ഇവിടെ എത്തിച്ചേർന്നിരുന്നു. അയിലൂർ കാരക്കാട്ട് പറമ്പിലെ റഹ്മാൻ്റെ വീട്ടിലെ മുറിയിലാണ് പ്രണയജോഡികൾ പതിനൊന്നു വർഷം കഴിഞ്ഞുകൂടിയത്. മൂന്ന് മാസം മുമ്പ് പുറം ലോകമറിയുകയും നെന്മാറ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഇവരുടെ ഒന്നിച്ചു കഴിയാനുള്ള ആഗ്രഹത്തിന് കോടതിയും അനുവദിച്ചതോടെ സഹായ വാഗ്ദാനവുമായി പോലീസും പൊതുസമൂഹവും രംഗത്തെത്തി.
വിത്തനശേരിയിലെ വാടക വീട്ടിലാണ് റഹ്മാനും സജിതയും ഇപ്പോൾ താമസിച്ചു വരുന്നത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇവരുടെ അപേക്ഷ സ്വീകരിച്ച് പ്രസിദ്ധപ്പെടുത്തുമെന്നും മുപ്പത് ദിവസത്തിന് ശേഷം വിവാഹ രജിസ്ട്രേഷൻ നടപടികൾ നടക്കുമെന്നും നെന്മാറ സബ് രജിസ്ട്രാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.