കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ, പുതിയ സി.ഇ.ഒയുടെ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ടും വിവാദം. വഖഫ് ബോർഡിൽ മുസ്‍ലിം സമുദായത്തിൽനിന്ന് മാത്രം നടന്നിരുന്ന നിയമന രീതി അട്ടിമറിച്ച് പുതിയ സി.ഇ.ഒ വി.എസ്. സക്കീർ ഹുസൈന്റെ ഡ്രൈവർ കം പേഴ്സനൽ അറ്റൻഡറായി ഇതര സമുദായാംഗത്തെ നിയമിച്ചതു സംബന്ധിച്ചാണ് വിവാദം ഉയർന്നത്. താൽക്കാലിക നിയമനമാണെങ്കിൽ കൂടി, ഇതൊരു തുടക്കമാണെന്നാണ് എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. മുൻ സി.ഇ.ഒയുടെ അറ്റൻഡറായ മുസ്‍ലിം സമുദായാംഗത്തെ പിരിച്ചുവിട്ടാണ് തൃശൂർ സ്വദേശിയായ എ.പി. സാൽമോന്റെ നിയമനം.
2016 ജനുവരിയിൽ യു.ഡി.എഫ് സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച വഖഫ്ബോർഡ് റെഗുലേഷനിൽ മുസ്‍ലിം സമുദായത്തിൽനിന്നു മാത്രമേ വഖഫ് ബോർഡിൽ നിയമനം നടത്താവൂ എന്ന് നിർദേശിച്ചിരുന്നു. എന്നാൽ, 2020 ഏപ്രിലിൽ വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട് പ്രസിദ്ധീകരിച്ച ഉത്തരവ് പ്രകാരമുള്ള റെഗുലേഷനിലെ ഭേദഗതിയിൽ മുസ്‍ലിം സമുദായത്തിൽനിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന വ്യവസ്ഥ നീക്കി. തുടർന്നാണ് ഇതര സമുദായാംഗത്തെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചുകൊണ്ട് സി.ഇ.ഒ ഉത്തരവിറക്കിയത്. ഇതിന് കഴിഞ്ഞ ഏപ്രിൽ ഒന്നിന് വഖഫ് ബോർഡ് ചെയർമാൻ അംഗീകാരം നൽകുകയും ചെയ്തു. പള്ളി, മദ്റസ തുടങ്ങി വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് ബോർഡിന്റെ പരിധിയിൽ വരുന്നത് എന്നതിനാലാണ് മുസ്‍ലിംകളെ മാത്രമേ നിയമിക്കാവൂ എന്ന വ്യവസ്ഥ കൊണ്ടുവന്നത്.
ഇത്രയും കാലമായി മറ്റു സമുദായങ്ങളിൽനിന്ന് വഖഫ് ബോർഡിലേക്ക് നിയമനം നടന്നിട്ടുമില്ല. ദേവസ്വം ബോർഡിലേക്ക് ഹിന്ദുക്കളല്ലാത്തവരെ നിയമിക്കാറില്ല. വഖഫ് ബോർഡ് നിയമനം മാത്രം പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം വിവാദമായതും ഇക്കാരണത്താലാണ്. വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ മുസ്‍ലിം സംഘടനകളുടെ യോഗത്തിനുശേഷവും ഇതുസംബന്ധിച്ച ഉത്തരവൊന്നും ഇറങ്ങിയിട്ടില്ല. ഇതിനിടയിലാണ് മറ്റൊരു സമുദായത്തിൽനിന്ന് ബോർഡിലേക്ക് താൽക്കാലിക നിയമനം നടത്തിയിരിക്കുന്നത്. അതേസമയം, തികച്ചും താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിലാണ് പേഴ്സനൽ അറ്റൻഡറുടെ നിയമനമെന്ന് വഖഫ് ബോർഡ് സി.ഇ.ഒ വി.എസ്. സക്കീർ ഹുസൈൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ഇതിനൊന്നും ജാതി കുത്തിനോക്കുക പ്രായോഗികമല്ല. ഇതിന് മുമ്പും സ്വീപർ, സെക്യൂരിറ്റി തസ്തികകളിലേക്ക് മറ്റു സമുദായങ്ങളിൽനിന്ന് താൽക്കാലിക നിയമനം നടത്തിയിട്ടുണ്ട്. സ്ഥിരനിയമനം മാത്രമാണ് പി.എസ്.സിക്കു വിട്ടുള്ള വിജ്ഞാപനം ഇറക്കിയത്. ഇതുസംബന്ധിച്ച് മുസ്‍ലിം സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. അതനുസരിച്ച ഉത്തരവ് പ്രതീക്ഷിക്കുകയാണെന്നും സി.ഇ.ഒ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.