കെ. മുരളീധരനെ വിമർശിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതം -ടി.എൻ. പ്രതാപൻ

തൃശൂർ: സുൽത്താൻ ബത്തേരിയിൽ നടന്ന കെ.പി.സി.സി ക്യാമ്പ് എക്സിക്യുട്ടീവിൽ കെ. മുരളീധരനെതിരെ രൂക്ഷ വിമർശനം നടന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ടി.എൻ. പ്രതാപൻ. ക്യാമ്പ് എക്സിക്യുട്ടീവിൻ്റെ ഒരു ചർച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രതിനിധിയും വിമർശനം നടത്തിയിട്ടില്ല. ക്യാമ്പ് പ്രതിനിധികൾ അല്ലാത്ത പാർട്ടി ശത്രുക്കൾ മന:പൂർവ്വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതാപൻ പ്രസ്താവനയിൽ അറിയിച്ചു.

കെ. മുരളീധരൻ കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാവാണ്. അദ്ദേഹത്തിൻ്റെ നേതൃത്വം പാർട്ടി ഇനിയും ആഗ്രഹിക്കുന്നു. അദ്ദേഹത്തെ മാറ്റിനിർത്തി ഒരു പ്രവർത്തനത്തിനും കെ.പി.സി.സി മുതിരില്ല.

തെരത്തെടുപ്പ് പരാജയത്തിന്‍റെ പേരിൽ ആരെയും ബലിയാടാക്കുന്നതല്ല പാർട്ടി നയം. സത്യസന്ധമായ വിലയിരുത്തലുകൾ നടത്തി തിരുത്തേണ്ടവ തിരുത്തിയും പോരായ്മകൾ പരിഹരിച്ചും എല്ലാവരെയും വിശ്വാസത്തിലെടുത്തും അടുത്ത വിജയങ്ങൾക്കായി പാർട്ടിയെ കൂടുതൽ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഒറ്റക്കെട്ടായി മുന്നോട്ട് പോവുന്ന സന്ദർഭത്തിൽ പാർട്ടിയെ മോശമാക്കാൻ പാർട്ടി ശത്രുക്കളുടെ ഏജന്‍റുമാരായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്തും.

കോൺഗ്രസിനെയും പ്രത്യേകിച്ച് എന്നെയും വ്യക്തിപരമായി ദ്രോഹിക്കാൻ കുറെ നാളുകളായി മന:പൂർവ്വം വാർത്തകൾ സൃഷ്ടിക്കുകയാണ്. ഇതിനെതിരെ സംഘടനക്ക് അകത്ത് പരാതി നൽകുന്നതോടൊപ്പം നിയമ നടപടികളും സ്വീകരിക്കും. മാധ്യമ എത്തിക്സുകൾ മറന്ന് തെറ്റായ വാർത്തകൾ നൽകുന്നതിനെതിരെ ഉത്തരവാദപ്പെട്ട മാധ്യമ ഫോറങ്ങളിലും പരാതി നൽകും -ടി.എൻ. പ്രതാപൻ അറിയിച്ചു. 

Tags:    
News Summary - news that K Muraleedharan was criticized is baseless - T.N. Prathapan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.