കെ. മുരളീധരനെ വിമർശിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതം -ടി.എൻ. പ്രതാപൻ
text_fieldsതൃശൂർ: സുൽത്താൻ ബത്തേരിയിൽ നടന്ന കെ.പി.സി.സി ക്യാമ്പ് എക്സിക്യുട്ടീവിൽ കെ. മുരളീധരനെതിരെ രൂക്ഷ വിമർശനം നടന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ടി.എൻ. പ്രതാപൻ. ക്യാമ്പ് എക്സിക്യുട്ടീവിൻ്റെ ഒരു ചർച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രതിനിധിയും വിമർശനം നടത്തിയിട്ടില്ല. ക്യാമ്പ് പ്രതിനിധികൾ അല്ലാത്ത പാർട്ടി ശത്രുക്കൾ മന:പൂർവ്വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതാപൻ പ്രസ്താവനയിൽ അറിയിച്ചു.
കെ. മുരളീധരൻ കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാവാണ്. അദ്ദേഹത്തിൻ്റെ നേതൃത്വം പാർട്ടി ഇനിയും ആഗ്രഹിക്കുന്നു. അദ്ദേഹത്തെ മാറ്റിനിർത്തി ഒരു പ്രവർത്തനത്തിനും കെ.പി.സി.സി മുതിരില്ല.
തെരത്തെടുപ്പ് പരാജയത്തിന്‍റെ പേരിൽ ആരെയും ബലിയാടാക്കുന്നതല്ല പാർട്ടി നയം. സത്യസന്ധമായ വിലയിരുത്തലുകൾ നടത്തി തിരുത്തേണ്ടവ തിരുത്തിയും പോരായ്മകൾ പരിഹരിച്ചും എല്ലാവരെയും വിശ്വാസത്തിലെടുത്തും അടുത്ത വിജയങ്ങൾക്കായി പാർട്ടിയെ കൂടുതൽ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഒറ്റക്കെട്ടായി മുന്നോട്ട് പോവുന്ന സന്ദർഭത്തിൽ പാർട്ടിയെ മോശമാക്കാൻ പാർട്ടി ശത്രുക്കളുടെ ഏജന്‍റുമാരായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്തും.
കോൺഗ്രസിനെയും പ്രത്യേകിച്ച് എന്നെയും വ്യക്തിപരമായി ദ്രോഹിക്കാൻ കുറെ നാളുകളായി മന:പൂർവ്വം വാർത്തകൾ സൃഷ്ടിക്കുകയാണ്. ഇതിനെതിരെ സംഘടനക്ക് അകത്ത് പരാതി നൽകുന്നതോടൊപ്പം നിയമ നടപടികളും സ്വീകരിക്കും. മാധ്യമ എത്തിക്സുകൾ മറന്ന് തെറ്റായ വാർത്തകൾ നൽകുന്നതിനെതിരെ ഉത്തരവാദപ്പെട്ട മാധ്യമ ഫോറങ്ങളിലും പരാതി നൽകും -ടി.എൻ. പ്രതാപൻ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കാതിരുന്നത് തോൽവി ചർച്ചയാവാതിരിക്കാൻ -കെ. മുരളീധരൻ
കോഴിക്കോട്: തൃശൂരിലെ തോൽവിയിൽ ചർച്ച വേണ്ടെന്ന് കരുതിയാണ് വയനാട് ക്യാമ്പിൽ പങ്കെടുക്കാതിരുന്നതെന്നും പുറത്താക്കിയാലും കോൺഗ്രസ് വിട്ടുപോകില്ലെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോഴിക്കോട് ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പ്രചാരണത്തിൽ സജീവമാകും. കെ. കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ല. ടി.എൻ പ്രതാപനും ഷാനി മോൾ ഉസ്മാനും വയനാട് ക്യാമ്പിൽ തനിക്കെതിരെ വിമർശനം ഉന്നയിച്ചിട്ടില്ലെന്ന് അവർ അറിയിച്ചിട്ടുണ്ട്.
കോൺഗ്രസിന് ഇതുവരെ ഒരു എതിരാളിയായിരുന്നു എങ്കിൽ ഇപ്പോൾ രണ്ടായെന്നും എതിരാളിയുടെ ശക്തി അളക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടിയുണ്ടാകുമെന്നും മുരളീധരൻ ഓർമപ്പെടുത്തി. താമരയിൽ കുത്താനുള്ള മടി കുറച്ചു പേർക്കും ന്യൂനപക്ഷത്തിനും മാത്രമേ ഉള്ളു. ധീവര, വിശ്വകർമ, എസ്.എൻ.ഡി.പി എന്നീ വിഭാഗങ്ങളിൽ നിന്ന് വോട്ട് ചോർന്നു. ഇതിലെ അപകടം തിരിച്ചറിയണം. അതാണ് താൻ ചൂണ്ടിക്കാട്ടിയത്.ജില്ലാ കലക്ടർമാരെപ്പോലെ സ്ഥാനാർഥികളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.