തിരുവനന്തപുരം: പിതാവ് സ്വന്തം ആഗ്രഹപ്രകാരം സമാധിയാവുകയായിരുന്നുവെന്ന് മകൻ രാജസേനൻ. സമാധിക്കായുള്ള കല്ല് അച്ഛൻ നേരത്തെ തന്നെ വാങ്ങിവെച്ചിരുന്നു. സുഗന്ധദ്രവ്യങ്ങളിട്ടാണ് അച്ഛനെ സമാധിയാക്കുന്നത്. ഇതിന്റെ ചടങ്ങുകൾ ആരും കാണാൻ പാടില്ലാത്തതും മണിക്കൂറുകൾ നീണ്ടുനിൽക്കുന്നതുമാണ്. അതിനാലാണ് ആരെയും വിവരം അറിയിക്കാതിരുന്നതെന്നും മകൻ രാജസേനൻ പറഞ്ഞു.
അതേസമയം, ഇക്കാര്യത്തിൽ നടപടിയുമായി പൊലീസ് രംഗത്തെത്തി. ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ തിരോധാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗോപാൻ സ്വാമിയെ കാണാതായതിലാണ് കേസെടുത്തിരിക്കുന്നത്. പിതാവിനെ സമാധിയാക്കിയെന്ന് പറയുന്ന സ്ഥലത്ത് കൂടുതൽ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് നെയ്യാറ്റിൻകരയിൽ സമാധി വിവാദമുയരുന്നത്. ഗോപൻ സ്വാമിയെന്ന് നാട്ടുകാർ വിളിക്കുന്ന ഗോപൻ, സ്വന്തമായി പണി കഴിപ്പിച്ച ക്ഷേത്രത്തിൽ പൂജ നടത്തിവരികയായിരുന്നു. ഗോപൻ സ്വാമി സമാധിയായെന്ന പോസ്റ്റർ ശ്രദ്ധയിൽ പെട്ടതോടെയാണ് നാട്ടുകാരിൽ ചിലർക്ക് സംശയമുണ്ടായത്.
തൊട്ടടുത്ത വീട്ടുകാർ പോലും ഗോപന്റെ മരണവിവരം അറിഞ്ഞിരുന്നില്ല. സമാധിയായെന്നും കുഴിച്ചുമൂടിയെന്നും മക്കൾ പറഞ്ഞതോടെയാണ് നാട്ടുകാർ ഇക്കാര്യം അറിയുന്നത്. എന്നാൽ തൊട്ടുമുമ്പത്തെ ദിവസം പോലും പുറത്ത് കണ്ട ആൾ മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.