തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദുരൂഹസാഹചര്യത്തിൽ ‘സമാധിയായ’ ഗോപൻ സ്വാമി മരിച്ചോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള നീക്കവുമായി തിരുവനന്തപുരം ജില്ല ഭരണകൂടം. കോടതി ഇടപെടലിന്‍റെ തുടർച്ചയായി വ്യാഴാഴ്ച കല്ലറ പൊളിച്ച് പരിശോധന നടത്താൻ ജില്ല ഭരണകൂടം തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം.
അതിനിടെ, സമാധി സ്ഥലത്ത് മകൻ രാജസേനൻ പൂജ നടത്തി. വ്യാഴാഴ്ച കല്ലറ പൊളിച്ച് പരിശോധന നടത്താനിരിക്കെയാണ് മകൻ ബുധനാഴ്ച രാത്രിയിൽ പൂജ നടത്തിയത്.
അന്വേഷണം തടയാൻ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ച് ഹൈകോടതിയെ സമീപിച്ചത് ഗോപൻ സ്വാമിയുടെ കുടുംബത്തിന് തിരിച്ചടിയായി. കോടതി നിർദേശം അന്വേഷണം തുടരാനുള്ള അനുമതിയായി പരിഗണിച്ച് മുന്നോട്ടു പോകാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം.
ആർ.ഡി.ഒ നിർദേശിച്ചാൽ കല്ലറ പൊളിച്ച് ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം തുടങ്ങിയവ പൂർത്തിയാക്കുമെന്ന് റൂറൽ എസ്.പി കെ.എസ്. സുദർശൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കോടതി ഇടപെടലിന്‍റെ പശ്ചാത്തലത്തിൽ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇനി കുടുംബത്തിന് നോട്ടീസിന്‍റെയോ റവന്യൂ വകുപ്പിന്‍റെ പ്രത്യേക ഉത്തരവിന്‍റെയോ ആവശ്യമില്ലെന്നാണ് അധികൃതർ പറയുന്നത്.
അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ മണിയൻ എന്ന ഗോപൻ സ്വാമിയെ കാണാനില്ലെന്ന പരാതി ലഭിച്ച പൊലീസ് അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിലാണ് സമാധിയെന്ന ദുരൂഹ വിശദീകരണവുമായി കുടുംബം രംഗത്തു വന്നത്. മരിച്ചതിന് ദൃക്സാക്ഷികളോ ഡോക്ടർമാരുടെ സ്ഥിരീകരണമോ ഇല്ല. ഔദ്യാഗിക രേഖയായ മരണ സർട്ടിഫിക്കറ്റും ഇല്ലാത്ത സാഹചര്യത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തേണ്ടതുണ്ട്.
എന്നാൽ, പൊലീസും തഹസിൽദാരും നടത്തിയ ശ്രമങ്ങളെ കുടുംബവും സംഘ്പരിവാർ സംഘടനകളും ഒരു വിഭാഗം നാട്ടുകാരും ചേർന്ന് തടഞ്ഞു. കല്ലറ പൊളിക്കുന്നത് പാപമാണെന്നും ഡോക്ടറും ഉദ്യോഗസ്ഥരും മൃതദേഹത്തിൽ തൊട്ടാൽ ചൈതന്യം പോകുമെന്നുമുള്ള വാദമാണ് കുടുംബത്തിന്.
അയൽവാസി വിശ്വംഭരന്‍റെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണത്തോട് കുടുംബം സഹകരിക്കാത്തതിനും കല്ലറ പരിശോധിക്കുന്നതിലുൾപ്പെടെ ജില്ല ഭരണകൂടത്തിനുണ്ടായ വീഴ്ചക്കുമൊടുവിലാണ് ‘സമാധി’ കോടതി കയറിയത്. കാണാതായ ആളെ കണ്ടെത്തുകയോ മരിച്ചെങ്കിൽ അതിന്‍റെ കാര്യകാരണങ്ങൾ കണ്ടെത്തി കോടതിയെ ബോധിപ്പിക്കുകയോ ചെയ്യേണ്ട പൊലീസ് വരുത്തിയ അലംഭാവം പ്രശ്നം കൂടുതൽ സങ്കീർണമാക്കി.
അതിനിടെ, പരാതിക്കാരനായ വിശ്വംഭരനല്ല, സമീപത്ത് ഭൂമിയുള്ള മുസ്ലിമാണ് വിവാദങ്ങൾക്ക് പിന്നിലെന്ന് പ്രചരിപ്പിച്ച് സാമുദായിക കലാപത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. ഗോപൻ സ്വാമിയുടെ മകൻ ഇക്കാര്യം ദൃശ്യമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതിന്‍റെ തത്സമയ ദൃശ്യങ്ങൾ പുറത്തു വന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.