കായംകുളം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ മുഖ്യപ്രതി നിഖിൽ തോമസ് പിടിയിലായതോടെ പുറത്തുവരുന്നത് തട്ടിപ്പിന്റെ വൻ ശൃംഖല. കൂട്ടുപ്രതിയായ കണ്ടല്ലൂർ സ്വദേശി അബിൻ സി.രാജിലേക്ക് അന്വേഷണം എത്തുന്നതോടെ വ്യാജ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.
കായംകുളത്ത് നിരവധിപേർക്ക് അബിൻ രാജ് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകിയതായാണ് സൂചന. രണ്ടുലക്ഷം രൂപയാണ് നിഖിലിൽനിന്ന് അബിൻ സർട്ടിഫിക്കറ്റിനായി വാങ്ങിയത്. അബിന്റെ മാതാവിന്റെ അക്കൗണ്ടിലാണ് തുക നിക്ഷേപിച്ചതത്രെ. എറണാകുളത്തുള്ള ഏജൻസിയാണ് ഇതിലെ പ്രധാന കണ്ണിയായി പ്രവർത്തിച്ചതെന്നാണ് സൂചന. 65,000 രൂപയാണ് ഇവർക്ക് നൽകിയിരുന്നത്. അബിനുമായി സൗഹൃദമുണ്ടായിരുന്ന ചിറക്കടവത്തുള്ള ചിലരും സർട്ടിഫിക്കറ്റ് സ്വന്തമാക്കിയതായി പറയുന്നു.
ഇതിനിടെ തിരുവനന്തപുരത്ത് നിരവധിപ്പേർക്ക് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയിരുന്നുവെന്ന സംശയവും ശക്തമാണ്. യൂനിവേഴ്സിറ്റി പഠന കാലയളവിലാണ് അബിൻ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ ഭാഗമാകുന്നത്. പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമുമായിരുന്നു അന്നത്തെ സംഘടന സഹപ്രവർത്തകർ.
അബിന്റെ എസ്.എഫ്.ഐ കാലത്തെ മാഫിയ ബന്ധം അന്വേഷിക്കുന്നത് സംഘടനയെ കൂടുതൽ വെട്ടിലാക്കുമെന്നാണ് വിലയിരുത്തൽ. ഇതു കാരണം നിഖിലിന്റെ സർട്ടിഫിക്കറ്റിൽ മാത്രമായി അന്വേഷണം ഒതുങ്ങാനുള്ള സാധ്യതയുമുണ്ട്. ഇപ്പോൾ മാലിയിലുള്ള അബിൻരാജിനെ നാട്ടിലെത്തിക്കാനുള്ള പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.