ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടലിനായി കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി. വിഷയത്തിൽ കേന്ദ്രസർക്കാരിന് നിർദേശം നൽകാൻ സിംഗിൾ ബെഞ്ച് തയാറാകാത്ത സാഹചര്യത്തിലാണ് സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ, അഡ്വ. കെ. ആർ. സുഭാഷ് ചന്ദ്രൻ മുഖേന ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ബ്ലഡ് മണി നൽകി കേസ് ഒത്തുതീർക്കാനുള്ള ചർച്ചകളിൽ നേരിട്ട് പങ്കെടുക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
യെമൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ നടപടി സ്വീകരിക്കുമെന്നും ബന്ധുക്കൾക്ക് അടക്കം യെമനിലേക്ക് പോകാൻ സൗകര്യമൊരുക്കുമെന്നും ഉള്ള മുൻനിലപാടും കേന്ദ്രം ആവർത്തിച്ചു. ഇതോടെ, ആദ്യം ബന്ധുക്കൾ മുഖേന ഒത്തുതീർപ്പ് ചർച്ചകൾ നടക്കട്ടെയെന്ന നിലപാടിലേക്ക് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സാംഘി അധ്യക്ഷനായ ബെഞ്ച് എത്തി. ബ്ലഡ് മണി വിഷയത്തിൽ അടക്കം നടപടികളിൽ തടസമുണ്ടായാൽ ഉചിതമായ സമയത്ത് കോടതിയെ സമീപിക്കാവുന്നതാണന്നും വ്യക്തമാക്കി ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി. യെമൻ പൗരൻ തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ അപ്പീൽ കോടതി ശരിവച്ചിരുന്നു.
യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനവിഷയത്തിൽ നേരിട്ട് ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. ബ്ലഡ് മണി നൽകി കേസ് ഒത്തുതീർക്കാനുള്ള ചർച്ചകളിൽ നേരിട്ട് പങ്കെടുക്കാനാകില്ല. അതേസമയം, ഒത്തുതീർപ്പ് ചർച്ചകൾക്ക് അടക്കം ബന്ധുക്കൾക്ക് സഹായം ഉറപ്പാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പ് ചർച്ച നടത്താൻ കേന്ദ്രസർക്കാരിന് നിർദേശം നൽകാനാകില്ലെന്ന് വ്യക്തമാക്കിയ ഡൽഹി ഹൈക്കോടതി, സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.