മലപ്പുറം: വീട്ടിലെ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും കർശന നടപടിയെടുക്കാതെ സർക്കാർ അലംഭാവം തുടരുന്നു. ഗാർഹിക പ്രസവത്തിന് ഗർഭിണികളെ പ്രേരിപ്പിക്കുന്നവർക്കെതിരെ ആരോഗ്യവകുപ്പ് നിയമ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. മലപ്പുറം ഈസ്റ്റ് കോഡൂരിൽ വീട്ടിൽ പ്രസവിച്ച യുവതി ഒരു പരിചരണവും ലഭിക്കാതെയാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങിയത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച അമ്മയും കുഞ്ഞും മരിച്ചത് കഴിഞ്ഞ വർഷമാണ്. 2023ൽ തിരൂർ തലക്കാട് ഭാഗത്ത് അക്യുപങ്ചർ ചികിത്സയിലൂടെ വീട്ടിൽ നടന്ന പ്രസവത്തിലും കുട്ടി മരിച്ചിരുന്നു. ഇത്തരം സംഭവങ്ങളിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുന്നതിനപ്പുറം യാഥാർഥ പ്രതികളിലേക്ക് നിയമത്തിന്റെ കൈകൾ നീളുന്നില്ല. ഏറെ സാഹസികത നിറഞ്ഞതായിട്ടും പല സ്ഥലങ്ങളിലും ഗാർഹികപ്രസവം നടക്കുന്നുണ്ട്. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കാൻ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണമാണ് നാച്ചുറോപതി-അക്യുപങ്ചർ ചികിത്സകർ നടത്തുന്നത്.
വിശ്വാസങ്ങളുടെ മറപിടിച്ച് ആധുനിക വൈദ്യശാസ്ത്രത്തെ തെറ്റായി ചിത്രീകരിച്ചാണ് ഇവർ ഇത് പ്രോത്സാഹിപ്പിക്കുന്നത്. ഇവരുടെ വാക്കുകൾ വിശ്വസിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കൃത്യമായ മരുന്നോ, ചികിത്സയോ നൽകാതെയാണ് ഇവർ ഗാർഹിക പ്രസവത്തിന് പ്രേരിപ്പിക്കുന്നത്. സിംഗിൾ നീഡിൽ അക്യുപങ്ചർ ചികിത്സകരാണ് പിന്നിൽ. ഇപ്രകാരം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പോ അത്യാവശ്യ ചികിത്സകളോ കിട്ടുന്നില്ല. അതിനാൽ പ്രസവശേഷം മാതാവോ കുഞ്ഞോ മരിക്കാനുള്ള സാധ്യത കൂടുതലാണ്. വാക്സിനുകൾ ലഭിക്കാത്തതിനാൽ കുഞ്ഞുങ്ങൾക്ക് പിന്നീട് സ്ഥിര വൈകല്യത്തിനും സാധ്യതയുണ്ട്.
പരിശീലനം ലഭിക്കാത്തവർ പ്രസവം എടുക്കുന്ന സംഭവങ്ങളും ചില ജില്ലകളിലുണ്ട്. വേണ്ടത്ര സൗകര്യങ്ങളില്ലാതെയാണ് പലപ്പോഴും ഇവർ പ്രസവം എടുക്കുന്നത്. യൂട്യൂബിൽ നോക്കി പ്രസവമെടുക്കുന്ന സംഭവങ്ങളുമുണ്ട്. ഗാർഹിക പ്രസവത്തിന് പ്രേരിപ്പിക്കുന്ന നാച്ചുറോപതി-അക്യുപങ്ച്ചർ ചികിത്സകർക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറത്തെ പൊതുജനാരോഗ്യ പ്രവർത്തകർ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് പരാതി നൽകിയിട്ടും നടപടിയില്ല. ഇത്തരം ചികിത്സകരുടെ യോഗ്യത രേഖകൾ, രജിസ്ട്രേഷൻ എന്നിവ പോലും ആരോഗ്യവകുപ്പ് പരിശോധിച്ചിട്ടില്ല. വീട്ടിൽ പ്രസവിച്ചവരുടെ സംഗമം സംഘടിപ്പിക്കപ്പെട്ടിട്ടും സർക്കാർ സംവിധാനം നിഷ്ക്രിയത്വം തുടരുകയാണ്.
കൂടുതൽ കേസുകൾ മലപ്പുറത്ത്
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഗാർഹിക പ്രസവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2024-25ൽ 191 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2023-24ൽ 252. 2022-23ൽ 266. 2021-22ൽ 273. 2020-21ൽ 257. 2019-20ൽ 199.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.