തിരുവനന്തപുരം: ക്ഷേത്ര പൂജാദികർമങ്ങളിൽ അരളിപ്പൂവിന് തൽക്കാലം വിലക്കേർപ്പെടുത്തേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൂവിനെതിരായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ, പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും കിട്ടാത്ത സാഹചര്യത്തിലാണ് താൽക്കാലം വിലക്കേർപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ദിവസങ്ങൾക്കു മുമ്പാണ് ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണു മരണമെന്നാണു പ്രാഥമിക നിഗമനം. വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക. ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂ. പൂവിൽ വിഷാംശമുണ്ടെന്ന് സര്‍ക്കാറോ ആരോഗ്യവകുപ്പോ റിപ്പോർട്ട് നൽകിയിട്ടില്ല.
ആധികാരികമായി അറിയിപ്പ് കിട്ടിയാൽ പൂവ് ഒഴിവാക്കും. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിനും സർക്കാറിനും കത്ത് നൽകും. പൂജ വിഷയം ആയതിനാൽ ബദൽ മാർഗം തന്ത്രിമാരുമായി ആലോചിക്കേണ്ടിവരുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. അരളിപ്പൂ സംബന്ധിച്ച പ്രചാരണങ്ങൾ ആറുമാസം മുമ്പും ശ്രദ്ധയിൽപ്പെട്ടിരുന്നു. നിവേദ്യത്തിൽ ഇപ്പോൾ ക്ഷേത്രങ്ങളിൽ അരളിപ്പൂ ഉപയോഗിക്കുന്നില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.