K Surendran

മാധ്യമങ്ങളോട് തിരിച്ചു ഏറ്റുമുട്ടാനില്ല, അത് ഫാഷിസ്റ്റ് നയം -കെ. സുരേന്ദ്രൻ: ‘രണ്ട് പത്രങ്ങളുടെ നിലപാട് അത്ഭുതപ്പെടുത്തുന്നു’

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ മാറ്റം ഉണ്ടായപ്പോൾ ചില പത്രമാധ്യമങ്ങള്‍ക്ക് വിറളി പടിച്ചതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ജൂണ്‍ നാലിനു ശേഷം കേരളത്തിലെ രണ്ട് പ്രധാന പത്രം എടുക്കുന്ന നിലപാടുകൾ അത്ഭുതപ്പെടുത്തുന്നു. കോഴിക്കോടു നിന്നും പ്രസിദ്ധികരിക്കുന്ന പത്രം അവരെ നിലനിര്‍ത്തുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നു. അവരുടെ ശ്രമങ്ങള്‍ നേരത്തെ മനസ്സിലാക്കാന്‍ സാധിച്ചു -സു​രേന്ദ്രൻ പറഞ്ഞു.

മാധ്യമങ്ങളോട് തിരിച്ചു ഏറ്റുമുട്ടാനില്ല. അത് ഫാഷിസ്റ്റ് നയമാണ്. മോദി സര്‍ക്കാര്‍ മാധ്യമങ്ങളോട് എടുക്കുന്ന നിലപാടുകള്‍ കേരളത്തിലെ ബി.ജെ.പി സ്വീകരിക്കും. തെറ്റായ പ്രവണതയോട് വിയോജിച്ചു കൊണ്ട് ആശയപരമായ പോരാട്ടമാണത്. ദേശീയ ശക്തികളെ മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്ന മാധ്യമനിലപാടിനെതിരെ ശക്തമായി പോരാടും -സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി മുഖപത്രമായ ജന്‍മഭൂമിയുടെ സുവര്‍ണജയന്തി ആഘോഷ സ്വാഗതസംഘം ഓഫിസ് കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമീപകാലത്ത് മാധ്യമങ്ങള്‍ ചര്‍ച്ചയ്ക്ക് എടുക്കുന്ന വിഷയത്തില്‍ എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് സുരേ​​ന്ദ്രൻ പറഞ്ഞു. ‘ബിജെപി 20 ശതമാനം വോട്ട് നേടിയപ്പോള്‍ ഇനി എങ്ങനെ പോകണമെന്നത് സംബന്ധിച്ച് അവര്‍ക്കിടയില്‍ ഒരു ധാരണയുണ്ട്. ബിജെപി അത് മനസ്സിലാക്കുന്നു. മാധ്യമങ്ങള്‍ അവഗണിച്ചാല്‍ ബിജെപിയുടെ ലക്ഷ്യം ജനങ്ങളില്‍ എത്താന്‍ സമാന്തരമാര്‍ഗ്ഗങ്ങൾ സ്വീകരിക്കും. പത്രമാധ്യമങ്ങളില്‍ ഉദാത്തമായ മോഡല്‍ ജന്‍മഭൂമിയാണ്. അതിനെ കേരളത്തിലെ ഒന്നാമത്തെ പത്രമാക്കി മാറ്റുവാന്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധമാണ്’ -സുരന്ദ്രന്‍ പറഞ്ഞു. ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ന്യൂസ് എഡിറ്റര്‍ എം .ബാലകൃഷ്ണന്‍, ജനറല്‍ മാനേജര്‍ എം.പി. ജയലക്ഷ്മി, കെന്‍സാ ടി.എം.ടി ചെയര്‍മാന്‍ പി.കെ. മൊയ്തീന്‍ കോയ, ബ്യൂറോ ചീഫ് സിജു കറുത്തേടത്ത്, പരസ്യ വിഭാഗം ഇൻ ചാർജ്ജ് സി.പി. ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - No confrontation with media, it is a fascist policy -K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.