‘സി.പി.എം ഓഫീസുകൾ അടച്ചുപൂട്ടാൻ അനുവദിക്കില്ല’; കോടതി നിർദേശം ലംഘിച്ച് പരസ്യ പ്രസ്താവനയുമായി ഇടുക്കി ജില്ല സെക്രട്ടറി

അടിമാലി: സി.പി.എം പാർട്ടി ഓഫീസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിയെയുംഅനുവദിക്കില്ലെന്ന് ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ്. 1964ലെ ഭൂപതിവ് ചട്ട ഭേദഗതി ബിൽ നി‍യമസഭയിൽ സർക്കാർ അവതരിപ്പിക്കുന്നുണ്ട്. നിർമാണ നിരോധനം മാറുന്നതോടെ ഇടുക്കി ജില്ലയിലെ സി.പി.എമ്മിന്‍റെ എല്ലാ ഓഫീസുകളും പ്രവർത്തിക്കുമെന്നും ജില്ല സെക്രട്ടറി പറഞ്ഞു.

ഇടുക്കി ജില്ലയിലെ പാവപ്പെട്ട പാർട്ടി സഖാക്കളുടെ അത്താഴത്തിന് മുടക്കം വരുത്തി ഉണ്ടാക്കിയ ഓഫീസ് ആണെങ്കിൽ അത് അടച്ചുപൂട്ടാൻ ഒരു ശക്തിക്കും സാധിക്കില്ല. അതിന് ഒരു ശക്തിയെയും സി.പി.എം അനുവദിക്കില്ല. നിയമപരമായ നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകുമെന്നും സി.വി വർഗീസ് വ്യക്തമാക്കി.

നിയമവിരുദ്ധമായ ഒരു കാര്യങ്ങളും സി.പി.എമ്മിന് ആവശ്യമില്ല. എല്ലാ കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 50 വർഷം പഴക്കമുള്ള ശാന്തൻപാറയിലേത് അടക്കം മുഴുവൻ പാർട്ടി ഓഫീസുകൾക്കും നിയമപരമായി പട്ടയമുണ്ട്. രാത്രിയിൽ അനധികൃതമായി നിർമാണം നടത്തേണ്ട കാര്യമില്ലെന്നും സി.വി വർഗീസ് വ്യക്തമാക്കി. ഇന്നലെ അടിമാലിയിൽ സി.പി.എം സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പ്രസ്താവന ജില്ലാ സെക്രട്ടറി നടത്തിയിട്ടുള്ളത്.

ഭൂനിയമവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ല കലക്ടറോ അമിക്കസ് ക്യൂറിയോ സ്വീകരിക്കുന്ന നടപടികളിൽ പരസ്യ പ്രസ്താവന പാടില്ലെന്നായിരുന്നു ഹൈകോടതി നിർദേശം. കലക്ടറും അമിക്കസ് ക്യൂറിയും കോടതി ഉത്തരവ് പാലിക്കുകയാണ് ചെയ്യുന്നത്. ഈ വിഷയത്തിൽ എന്തെങ്കിലും ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ അക്കാര്യം കോടതിയെ നേരിട്ട് അറിയിക്കാമെന്നും ഹൈകോടതി നിർദേശിച്ചിരുന്നു.

ഇടുക്കി ജില്ലയിലെ നിർമാണ നിരോധനം നിലവിലുള്ള പഞ്ചായത്തുകളിലും വില്ലേജുകളിലും നിർമാണത്തിന് റവന്യു വകുപ്പിന്‍റെ എൻ.ഒ.സി നിർബന്ധമാണ്. ഗാർഹിക കെട്ടിട നിർമാണത്തിന് മാത്രമാണ് നിലവിൽ എൻ.ഒ.സി നൽകുന്നത്. എൻ.ഒ.സി ഇല്ലാതെയാണ് ശാന്തൻപാറയിലെ പാർട്ടി ഓഫീസ് പണിതതെന്നാണ് കണ്ടെത്തിയത്.

എൻ.ഒ.സിയില്ലാതെ നിർമിച്ച കെട്ടിടങ്ങളുടെ കണക്കും ജില്ലാ കലക്ടറോട് ഹൈകോടതി തേടിയിട്ടുണ്ട്. 126 അനധികൃത കൈയേറ്റം നടന്നതായും 20 കൈയേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായും ജില്ലാ കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - 'No force will be allowed to close CPM offices'; Idukki district secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.