തിരുവനന്തപുരം: ഇൗ വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പരീക്ഷ കമീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകി.
കഴിഞ്ഞ അധ്യയനവർഷം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ കലാകായിക മേളകൾ ഉൾപ്പെടെ പാഠ്യേതര പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ മുൻവർഷങ്ങളിലെ പ്രകടനം വിലയിരുത്തി ഗ്രേസ് മാർക്ക് നൽകാമെന്ന് എസ്.സി.ഇ.ആർ.ടി സർക്കാറിന് ശിപാർശ നൽകിയിരുന്നു. സ്കൂൾ തുറക്കാതിരിക്കുകയും പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഗ്രേസ് മാർക്ക് നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിലാണ് ഗ്രേസ് മാർക്ക് നൽകേണ്ടതെന്ന് തീരുമാനമെടുത്തത്.
ഇതോടെ എസ്.എസ്.എൽ.സി പരീക്ഷ ഫലം ജൂലൈ പകുതിയോടെയും ഹയർ സെക്കൻഡറി ഫലം ജൂലൈ അവസാനത്തിലുമായി പ്രസിദ്ധീകരിക്കാനാകും. കഴിഞ്ഞവർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 1,13,638 പേർക്കും ടി.എച്ച്.എസ്.എൽ.സിയിൽ 1241 പേർക്കും പ്ലസ് ടുവിന് 87,257 പേർക്കും ഗ്രേസ് മാർക്ക് നൽകിയിരുന്നു. സ്കൂൾ കലോത്സവം, അറബിക് കലോത്സവം, സംസ്കൃതോത്സവം, ശാസ്ത്ര-ഗണിത-സാമൂഹിക പ്രവർത്തി പരിചയ-െഎ.ടി മേളകൾ, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ദേശീയ, സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്, എൻ.സി.സി, എസ്.പി.സി, സർഗോത്സവം, കായിക മേളകൾ, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഗ്രേസ് മാർക്ക് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.