വനിത സ്ഥാനാർഥിയായതുകൊണ്ട് തോറ്റു എന്ന് പറയുന്നത് ശരിയല്ലെന്ന് കോഴിക്കോട് സൗത്തിൽ പരാജയപ്പെട്ട മുസ്ലിം ലീഗ് സ്ഥാനാർഥി അഡ്വ നൂർബിന റഷീദ്. പുരുഷൻമാരായ നിരവധി സ്ഥാനാർഥികൾ തോറ്റിട്ടുണ്ട്. അവരൊന്നും വനിതകളായതുകൊണ്ടല്ലല്ലോ തോറ്റതെന്നും അവർ ചോദിച്ചു.
മുസ്ലിം സ്ത്രീയായതുകൊണ്ട് തോറ്റു എന്ന് പറയുന്നതും ശരിയല്ല. കാനത്തിൽ ജമീല ജയിച്ചിട്ടുണ്ടല്ലോ എന്ന് അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നൂർബിന റഷീദ്.
ഒാരോ തെരെഞ്ഞെടുപ്പിലും ബി.ജെ.പി വോട്ട് ഷെയർ വർധിപ്പിക്കുന്നത് കാണാതെ പോകരുതെന്ന് അവർ പറഞ്ഞു. മുന്നണികൾ അത് ഗൗരവമായി പരിശോധിക്കണമെന്നും കോഴിക്കോട് സൗത്തിലെ തന്‍റെ പരാജയം പാർട്ടി പരിശോധിക്കുമെന്നും അവർ പറഞ്ഞു.
25 വർഷത്തിന് ശേഷമാണ് മുസ്ലിം ലീഗ് ഒരു വനിതാ സ്ഥാനാർഥിക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകുന്നത്. 1996 ൽ കോഴിക്കോട് നിന്ന് ഖമറുന്നീസ അൻവറിന് മത്സരിക്കാൻ അവസരം നൽകിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. എളമരം കരീമിനോടാണ് അന്ന് ഖമറുന്നീസ് അൻവർ പരാജയപ്പെട്ടത്. പിന്നീട് രണ്ടര പതിറ്റാണ്ട് മറ്റൊരു വനിതാ സ്ഥാനാർഥിയും മുസ്ലിംലീഗിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടില്ല.
ഇത്തവണ കോഴിക്കോട് സൗത്തിലെ മുസ്ലിംലീഗിന്റെ സിറ്റിങ് സീറ്റിൽ വനിതാ സ്ഥാനാർഥി നൂർബിന റഷീദിനെ പരീക്ഷിക്കാൻ ലീഗ് തയാറായെങ്കിലും ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലിനോട് ജയിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.