തിരുവനന്തപുരം: കെ-റെയിലിന് എതിരല്ലെന്നും എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങളിൽ മാറ്റം വരുത്തണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അടിസ്ഥാനപരമായ ഒട്ടേറെ തെറ്റുണ്ട്. ഈ പദ്ധതിക്ക് സാധ്യതയില്ലെന്നും ഇപ്പോഴത്തെ നിലയിൽ കൊണ്ടുവന്നാൽ ആളുകളുണ്ടാകില്ലെന്നും ബജറ്റ് ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
സാധ്യതയില്ലാത്ത പദ്ധതികളിൽ നയങ്ങൾ മാറ്റുന്നത് നല്ലതാണ്. കേരളത്തിന്റെ പ്രകൃതിയെ തകർത്ത് എന്ത് ടൂറിസം വികസനമാണ് നടത്താനാകുക. ഊഷരഭൂമി കാണാൻ ആര് വരും. ലോകം പോകുന്ന രീതിയിൽ പ്രകൃതിയെ തകർക്കാത്ത വികസനമാണ് വേണ്ടത്. കെ-റെയിൽ വിഷയത്തിൽ തങ്ങളുടെ ബദലിനെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും സർക്കാർ തയാറായിട്ടില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തേ അതിവേഗ റെയിൽ നടപ്പാക്കൂ എന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതാണ്. വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി പൊതുസമൂഹത്തിന് നൽകിയ ഉറപ്പല്ല കഴിഞ്ഞദിവസം വകുപ്പ് മന്ത്രിയിൽ നിന്നുണ്ടായത്. എന്താണ് സർക്കാർ നിലപാടെന്ന് വ്യക്തമാക്കണം. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയത പ്രോൽസാഹിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ പണി ഇവിടെ നിങ്ങൾ ഏറ്റെടുക്കുകയാണ്. അത് വിദ്യാഭ്യാസ സ്കോളർഷിപ് വിഷയത്തിലുൾപ്പെടെ പ്രകടമായതാണ്. മതവിശ്വാസികൾ വിഭാഗീയ ചിന്തകരാണെന്ന ധാരണ മാറ്റണം. ഇത്തിരിപ്പോന്ന ചെറിയ ബജറ്റാണ് മന്ത്രി അവതരിപ്പിച്ചതെങ്കിലും ചെലവ് ഒത്തിരി അതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, സജീവ് ജോസഫ്, ജി.എസ്. ജയലാൽ, പ്രമോദ് നാരായൺ, അനൂപ് ജേക്കബ്, ഒ.എസ്. അംബിക, മാണി സി. കാപ്പൻ, ജെനീഷ്കുമാർ, കെ.ഡി. പ്രസേനൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.