ഏറ്റുമാനൂര്‍: കോവിഡ് പരിശോധനക്കെത്തിയ യുവാവിന്‍റെ സാമ്പിള്‍പോലും എടുക്കാതെ ഫലം പോസിറ്റിവെന്ന് വിധിയെഴുതി ആരോഗ്യപ്രവര്‍ത്തകര്‍. ഇത് ചോദ്യം ചെയ്ത യുവാവിനുനേരെ ഭീഷണി മുഴക്കിയും തട്ടിക്കയറിയും ഡോക്ടര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍. അവസാനം ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയിലും.
ഏറ്റുമാനൂര്‍ വള്ളിക്കാട് വാടകക്ക് താമസിക്കുന്ന ആലപ്പുഴ പുന്നമട സ്വദേശി ജറാര്‍ഡ് ജിജി മൈക്കിളിനാണ് (45) ഈ ദുരവസ്ഥ ഉണ്ടായത്. പൂച്ച കടിച്ചതിനെ തുടര്‍ന്ന് പ്രതിരോധകുത്തിവെപ്പ് എടുക്കാൻ ഏറ്റുമാനൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിയതാണ് ജറാര്‍ഡ്. ഇതിനു കോവിഡ് പരിശോധന നടത്തണമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ നിര്‍ദേശിച്ചു. തുടർന്ന് ശീട്ട് എടുത്തശേഷം കാത്തിരുന്ന യുവാവിനെ കുറെ കഴിഞ്ഞപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വിളിക്കുകയും ഫോണ്‍ നമ്പറും വിവരങ്ങളും രേഖപ്പെടുത്തി പിന്നാലെ കോവിഡ് പോസിറ്റിവ് ആണെന്ന് അറിയിക്കുകയുമായിരുന്നു.
തന്‍റെ സാമ്പിള്‍പോലും എടുക്കാതെ എങ്ങനെ പോസിറ്റിവായി എന്ന് ചോദിച്ചതോടെയാണ് സംഭവം വഷളായത്. യുവാവ് മൊബൈലില്‍ വിഡിയോ സന്ദേശം അയക്കാൻ ഒരുങ്ങിയതോടെ ഇത് തടഞ്ഞ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും പിന്നാലെ ഡോക്ടറും ഹൗസ് സര്‍ജനും ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തി. ഇവിടെനിന്ന് വിഡിയോ പകര്‍ത്താനാവില്ലെന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ വാദം.
ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സാന്നിധ്യത്തില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ നെഗറ്റിവ് എന്നാണ് ഫലം ലഭിച്ചത്. പ്രതിരോധകുത്തിവെപ്പും എടുത്തു. എന്നാൽ, ഇതിനു പിന്നാലെ പൊലീസ് ജറാര്‍ഡിനെ ജീപ്പില്‍ കയറ്റി തൊട്ടടുത്തുള്ള സ്റ്റേഷനില്‍ എത്തിച്ചു. അവിടെ ഭക്ഷണംപോലും നല്‍കാതെ വൈകീട്ട് നാലരവരെ നിര്‍ത്തിയെന്ന് ജറാര്‍ഡ് ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
തീരെ അവശനിലയിലായപ്പോള്‍ 'പണം നല്‍കിയാല്‍ ഭക്ഷണം വാങ്ങിനല്‍കാം' എന്നു പറഞ്ഞ ഉദ്യോഗസ്ഥയോട് പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ 'എന്നാല്‍, കഴിക്കേണ്ട' എന്നായിരുന്നു മറുപടിയെന്നും ജറാര്‍ഡ് ആരോപിക്കുന്നു. സംഭവത്തിെൻറ തെളിവായ വിഡിയോ പൊലീസുകാര്‍ ഫോണില്‍നിന്ന് ഡിലീറ്റ് ചെയ്തതായും യുവാവ് പരാതിപ്പെട്ടു. ഛർദിച്ച് അവശനിലയിലായ തന്നെ നാലര മണിയായപ്പോള്‍ പിതാവെത്തി ജാമ്യത്തിലിറക്കുകയായിരുന്നു.
ആശുപത്രിയില്‍നിന്ന് തന്നെ പൊലീസ് ജീപ്പില്‍ കയറ്റിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇവര്‍ സംഘം ചേര്‍ന്ന് പൊലീസ് സ്റ്റേഷനിലുമെത്തി. അപകടം മണത്ത താന്‍ ജീപ്പില്‍ കയറിയപ്പോഴേ വിഡിയോ സ്വകാര്യമായി ഫോര്‍വേഡ് ചെയ്തിരുന്നതിനാല്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞുവെന്നും ജറാര്‍ഡ് 'മാധ്യമ'ത്തോടു പറഞ്ഞു. ആശുപത്രിയില്‍ എത്തി ആരോഗ്യപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.