ആര്‍.ബി.ഐ ഇളവിന് വിപരീത ഫലം; ‘നോട്ട് പൂഴ്ത്തിവെക്കല്‍’ പ്രവണത ശക്തം

കൊച്ചി: ശമ്പളദിവസങ്ങളിലെ തിരക്ക്  മുന്‍കൂട്ടിക്കണ്ട്, പുതിയ നോട്ട് നിക്ഷേപിക്കുന്നവര്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഇളവ് ഉണ്ടാക്കിയത് വിപരീത ഫലം. ശമ്പളദിവസങ്ങളില്‍ കറന്‍സി കിട്ടാതാകുമെന്ന ഭീതി വ്യാപകമായി. ഇതോടെ, അക്കൗണ്ടില്‍ ശേഷിക്കുന്ന പണം പിന്‍വലിക്കാനുള്ള തിരക്കാണ് ബുധനാഴ്ച ബാങ്ക് ശാഖകളില്‍ കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കുകള്‍ക്കുമുന്നിലെ വരിയുടെ നീളം കുറഞ്ഞിരുന്നു.

റിസര്‍വ് ബാങ്കിന്‍െറ ഇളവ് പ്രഖ്യാപനം കേട്ട് പുതിയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ആളെത്തിയില്ളെന്ന് മാത്രമല്ല, നിലവിലെ പണവുംകൂടി ആളുകള്‍ വാങ്ങിക്കൊണ്ടുപോയി. ‘നോട്ട് പൂഴ്ത്തിവെക്കല്‍’ പ്രവണത ശക്തമാകുമെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാവുകയാണ്. വരുംദിവസങ്ങളില്‍ അപ്രതീക്ഷിതമായുണ്ടാകാവുന്ന ആവശ്യങ്ങള്‍ക്കായി ജനം പരമാവധി പുതിയ നോട്ടുകള്‍ ശേഖരിച്ച് ചെലവാക്കാതെ സൂക്ഷിക്കുകയാണ്. ഇതോടെ, വാണിജ്യരംഗം വീണ്ടും പ്രതിസന്ധിയിലായി. 

ബാങ്ക് ശാഖകളില്‍ ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ പല ബാങ്കുകളും പണം പിന്‍വലിക്കുന്നതിന് സ്വന്തം നിലക്ക് പുതിയ നിയന്ത്രണങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇത് വരുംദിവസങ്ങളില്‍ ബാങ്കുകള്‍ക്കുമുന്നില്‍ സംഘര്‍ഷസാഹചര്യം സൃഷ്ടിക്കുമെന്ന് ഭീതിയുണ്ട്. ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ പൊലീസ് സംരക്ഷണം തേടിയിരിക്കുന്നത്.

എന്നാല്‍, ബാങ്കിനുമുന്നില്‍ സ്ഥിരിമായി പൊലീസിനെ നിയോഗിക്കാനാകില്ളെന്നും സംഘര്‍ഷമുണ്ടാകുന്ന സ്ഥിതി സംജാതമായാല്‍ അപ്പോള്‍ പൊലീസിനെ അയക്കാമെന്നുമാണ് ഉന്നത പൊലീസ് അധികൃതര്‍ ബാങ്ക് മാനേജര്‍മാര്‍ക്ക് മറുപടിനല്‍കിയത്. ബാങ്കുകളിലേക്ക് കൊണ്ടുപോകുന്ന പണത്തിനുള്ള സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

ആവശ്യത്തിന് നോട്ടുകള്‍ അനുവദിച്ച് ഇടപാടുകാരുടെ രോഷത്തില്‍നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകളും റിസര്‍വ് ബാങ്കിന് കത്ത് നല്‍കി. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ഡി. ജോസണ്‍ നല്‍കിയ കത്തില്‍ ജീവനക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് അക്കമിട്ട് നിരത്തിയിട്ടുണ്ട്.

 

 

Tags:    
News Summary - note demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.