കൊച്ചി: ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനത്തിന് അഡീഷനൽ ഡയറക്ടർ സ്ഥാനത്തെ പ്രവൃത്തി പരിചയം മതിയെന്ന ഭേദഗതി ചോദ്യം ചെയ്ത് ഹൈകോടതിയിൽ ഹരജി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാറിനെ ഡയറക്ടറാക്കാനാണ് അധ്യാപന പരിചയത്തിന് പകരം ഇത്തരത്തിൽ ഭേദഗതി വരുത്തിയതെന്ന് ആരോപിച്ച് ഐ.എച്ച്.ആർ.ഡി പ്രഫസറും സാങ്കേതിക സർവകലാശാല ഡീനുമായ ഡോ. വിനു തോമസാണ് ഹരജി നൽകിയത്.
ഗവേണിങ് ബോഡിക്ക് പകരം എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ഭേദഗതി ശിപാർശ നൽകിയതെന്നും ഹരജിയിൽ പറയുന്നു. ഹരജി ഫയലിൽ സ്വീകരിക്കാതെ തന്നെ സർക്കാർ അടക്കം എതിർകക്ഷികൾക്ക് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നോട്ടീസ് ഉത്തരവായി.എൻജിനീയറിങ് ബിരുദാനന്തര ബിരുദത്തിനൊപ്പം 15 വർഷത്തെ അധ്യാപന പരിചയവും ഇതിൽ മൂന്നുവർഷം പ്രിൻസിപ്പൽ അല്ലെങ്കിൽ പ്രഫസർ സ്ഥാനത്തുള്ള ഭരണ പരിചയവുമാണ് നിലവിലെ യോഗ്യത. ഇതിനുപുറമെ എൻജിനീയറിങ് ബിരുദാനന്തര ബിരുദത്തിനൊപ്പം 10 വർഷത്തെ അധ്യാപന പരിചയവും നിയമന യോഗ്യതയാണ്.
എന്നാൽ, 2023 ഡിസംബർ 13ന് യോഗ്യത ഭേദഗതി ചെയ്ത് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നേരത്തേ പറഞ്ഞ മാനദണ്ഡങ്ങൾ കൂടാതെ ഐ.എച്ച്.ആർ.ഡി അഡീഷനൽ ഡയറക്ടർ സ്ഥാനത്തോ പ്രിൻസിപ്പൽ സ്ഥാനത്തോ ഏഴുവർഷത്തെ പ്രവൃത്തി പരിചയം കൂടി ഉൾപ്പെടുത്തി. ഇത് അധ്യാപന പരിചയമില്ലാതെ താൽക്കാലിക ഡയറക്ടറുടെ ചുമതല വഹിക്കുന്ന അരുൺ കുമാറിന് വേണ്ടിയാണെന്നാണ് ആരോപണം. ശിപാർശക്ക് പിന്നാലെ ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ ഉത്തരവും വിജ്ഞാപനവും നിയമപരമായി നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.