പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിങ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. കേസിൽ പ്രതികളായ മൂന്ന് വിദ്യാർഥിനികളെയും കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സീപാസിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ തന്നെയുള്ള സീതത്തോട് കോളജിലേക്കാണ് പ്രിന്‍സിപ്പൽ പ്രഫ. അബ്ദുൽ അസീസിനെ സ്ഥലംമാറ്റിയത്. പകരം സീതത്തോട് കോളജ് പ്രിൻസിപ്പൽ തുഷാരയെ ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്കും മാറ്റിനിയമിച്ചു.
കേസിൽ പ്രതികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് കോളജിൽനിന്ന് സസ്പെൻഡ് ചെയ്തത്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ ഇവർ നിലവിൽ ജാമ്യത്തിലാണ്. ഇതിനിടെ ചുട്ടിപ്പാറ നഴ്സിങ് കോളജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെ അമ്മുവിന്റെ പിതാവ് സജീവ് പൊലീസിൽ പരാതി നൽകി.
ലോഗ് ബുക്ക് കാണാതായെന്നുപറഞ്ഞ് അമ്മുവിനെ അധ്യാപകൻ സജിയും കേസിൽ പ്രതികളായ വിദ്യാർഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികളായ വിദ്യാർഥിനികളെ ഒരുവശത്തും അമ്മുവിനെ മറുവശത്തും നിര്‍ത്തി കൗണ്‍സലിങ് എന്ന പേരിൽ സജി കുറ്റവിചാരണ നടത്തുകയായിരുന്നു. രണ്ടു മണിക്കൂറിലധികമാണ് അധ്യാപകനായ സജി അമ്മുവിനെ കുറ്റവിചാരണ ചെയ്തതെന്നും ഇതിനുശേഷമാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് അമ്മു മരിച്ചതെന്നും സജീവ് പറയുന്നു.
ഡിസംബര്‍ 15നാണ് തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിയായ അമ്മു പത്തനംതിട്ടയില്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചത്.
അതിനിടെ, അമ്മു സജീവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സഹപാഠികളായ ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടുകളും നേരിട്ടുവെന്ന് മാത്രമാണ് കത്തിലുള്ളത്. തീയതിയോ ഒപ്പോ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.