കുമ്മനം തന്‍റെ പിൻഗാമിയല്ല; മുരളീധരൻ ശക്തനായ പ്രതിയോഗി -ഒ. രാജഗോപാൽ

തിരുവനന്തപുരം: നേമത്തെ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരനെ ത​െൻറ പിൻഗാമിയെന്ന് പറയില്ലെന്നും കെ. മുരളീധരൻ ശക്തനായ പ്രതിയോഗിയാണെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ്​ ഒ. രാജഗോപാൽ. കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്. എന്നാൽ, അദ്ദേഹത്തിന് പാ‍ര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കഴിയുമോയെന്നറിയില്ല. സാക്ഷാല്‍ കെ. കരുണാകര​െൻറ മകനാണ് മുരളീധരൻ. ശക്തമായ രാഷ്​ട്രീയ പാരമ്പര്യമുള്ള നേതാവാണ് മുരളീധരനെന്നും രാജഗോപാല്‍ മാധ്യമങ്ങ​േളാട്​ പ്രതികരിച്ചു. നേമത്തെ ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിയായിരുന്നു രാജഗോപാലി​െൻറ പ്രതികരണം.

ഇത്തവണ മത്സരിക്കാനില്ലെന്ന് താൻ തന്നെയാണ് പാര്‍ട്ടിയോട് പറഞ്ഞത്. നേരത്തെ തോൽക്കുമെന്നുറപ്പായ അവസരത്തിലും മത്സരിക്കുമായിരുന്നു. ചില മേഖലയിലെ ജനങ്ങൾക്ക് പ്രത്യേക സ്നേഹമുണ്ടായിരുന്നു. തനിക്ക് കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോയെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി. ശിവൻകുട്ടി പരമാവധി പിടിച്ചുനിൽക്കാൻ നോക്കി. പക്ഷേ, കഴിഞ്ഞില്ല. അതി​െൻറ അരിശമാണ് എം.എൽ.എ മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല എന്ന ആക്ഷേപത്തിനു​ പിന്നിൽ. എന്തിനെയും ഏതിനെയും കണ്ണടച്ചെതിർക്കുന്ന രീതി തനിക്കില്ല. പിണറായി വിജയൻ ചെയ്ത നല്ല കാര്യങ്ങൾ അംഗീകരിക്കുന്നു. ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണം. ഇനിയും മണ്ഡലങ്ങൾ ഒഴിവുണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്​ച മുതലാണ് കുമ്മനം രാജശേഖരൻ പ്രചാരണം ആരംഭിച്ചത്. അതിന്​ മുന്നോടിയായാണ്​ ഒ. രാജഗോപാലിനെ വസതിയിലെത്തി കണ്ടത്‌. കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് രാജഗോപാലി​െൻറ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.