തിരുവനന്തപുരം: പരിസ്ഥിതിക്ക് കനത്ത ആഘാതമേൽപിക്കുമെന്ന വിശദപദ്ധതിരേഖ പുറത്തുവന്നതോടെ സിൽവർ ലൈനിൽ നിലപാട് മയപ്പെടുത്തി സർക്കാർ. പരിസ്ഥിതി സൗഹൃദമാണ് പദ്ധതിയെന്നും പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ലെന്നുമാണ് സർക്കാർ അവകാശപ്പെട്ടതെങ്കിലും പല സ്റ്റേഷനുകളും യാർഡുകളും വെള്ളത്തിൽ മുങ്ങാനിടയുണ്ടെന്ന് റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നു. പാതക്കെതിരെ ഉയർന്ന വിമർശനങ്ങൾ ഏറെയും ഡി.പി.ആർ ശരിവെച്ചതോടെ അതിൽ മാറ്റം വരുത്താൻ സന്നദ്ധമാണെന്ന നിലപാടിലാണ് സർക്കാർ.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളുള്ളതിനാലാണ് ഡി.പി.ആർ പുറത്തുവിടാതിരുന്നതെന്ന് പറഞ്ഞ സർക്കാറിന് സമ്മർദത്തെ തുടർന്നാണ് പ്രസിദ്ധീകരിക്കേണ്ടിവന്നത്. പ്രളയം, മണ്ണിടിച്ചിൽ, ജലമലിനീകരണം അടക്കം ദുരന്തങ്ങൾക്ക് നിർമാണകാലത്ത് തന്നെ വഴിയൊരുക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉയർന്ന മൺതിട്ട വേണ്ടിവരുമെന്നും പാതക്കിരുവശവും മതിലുണ്ടാകുമെന്നും പറയുന്നുണ്ടെങ്കിലും കേരളത്തെ രണ്ടായി വിഭജിക്കില്ലെന്നാണ് അവകാശവാദം. ഡി.പി.ആറിലെ കണ്ടെത്തലുകൾ പൊതുജനങ്ങൾക്ക് മുന്നിലെത്തിയതോടെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇടതുപക്ഷ ബുദ്ധിജീവികളിൽ ഒരുവിഭാഗം പാതക്കെതിരെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിമർശനത്തെ ഗൗരവപൂർവം കാണുന്നുവെന്നും ഡി.പി.ആറിൽ മാറ്റത്തിന് തയാറാണെന്നും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞത്. ഡി.പി.ആറിൽ പറഞ്ഞ കാര്യങ്ങൾ അതേപടി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പിടിവാശി വിട്ട് ചർച്ചയാകാം, മാറ്റമാകാം എന്ന നിലപാടാണ് മന്ത്രിമാർക്കും. സംശയങ്ങൾ ദൂരീകരിച്ചാകും ഭൂമി ഏറ്റെടുക്കലിലേക്ക് സർക്കാർ കടക്കുകയെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി. കേന്ദ്രത്തിന്റെ അന്തിമ അനുമതിക്ക് സമർപ്പിച്ച ഡി.പി.ആറിൽ കേന്ദ്രമോ റെയിൽവേ ബോർഡോ നിതി ആയോഗോ തിരുത്തലിന് നിർദേശിച്ചേക്കാം. ചെലവ് ഒരു ലക്ഷം കോടി കടക്കുമെന്ന് നിതി ആയോഗ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പാതക്കിരുവശവും 30 മീറ്റർവരെ നിർമാണ നിയന്ത്രണം വരുമെന്ന സൂചനകളും കടുത്ത എതിർപ്പുയർത്തിയിട്ടുണ്ട്. ഇത് 10 മീറ്ററാക്കാമെന്ന നിലപാടിലേക്ക് കെ-റെയിൽ മാറി. പാതക്ക് നിർമാണ സാമഗ്രികൾക്കായി സംസ്ഥാനത്തെ അവശേഷിക്കുന്ന പാറക്കൂട്ടങ്ങളും മലകളും തുരക്കുമ്പോൾ പരിസ്ഥിതിക്ക് കടുത്ത ആഘാതമുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തൃശൂർ: കെ-റെയിൽ അലൈൻമെന്റിൽ പരിഷ്കാരങ്ങളുണ്ടാവുമെന്നും അതേസമയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അലൈൻമെന്റിൽ മാറ്റം വരുത്തില്ലെന്നും മാനേജിങ് ഡയറക്ടർ വി. അജിത്കുമാർ. വിശദ പദ്ധതി രേഖ സർക്കാറിന് സമർപ്പിച്ചിട്ട് 18 മാസം പിന്നിട്ടു. വിവിധ മേഖലകളിൽ നടക്കുന്ന ചർച്ചക്ക് അനുസരിച്ച് പരിഷ്കാരങ്ങൾ വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ സിൽവർ ലൈൻ പദ്ധതി വിശദീകരിക്കാൻ ജില്ലയിലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടത്തിയ 'ജനസമക്ഷം' പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
വിശദ പദ്ധതി രേഖ പുറത്ത് വിട്ടത് സർക്കാർ തീരുമാനമാണ്. അംഗീകാരം ലഭിക്കുംമുമ്പ് ഡി.പി.ആർ പൊതുജനത്തിന് നൽകാറില്ല. കെ-റെയിൽ പദ്ധതിയിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഒന്നര കൊല്ലമായി ചർച്ച ചെയ്യുന്നത് ഇതിലെ കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ അത് പുറത്തുവന്നതിൽ പ്രശ്നമില്ല. പദ്ധതിയിൽ 1850 മീറ്റർ വളവുണ്ട്. 200 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടാൻ ഇത്ര മീറ്റർ വളവേ അംഗീകരിക്കാനാവൂ. 200 കിലോമീറ്റർ വേഗതയിൽ ഓടിക്കാവുന്ന വളവുകളാണ് അലൈൻമെന്റിലുള്ളത്.
വളവുകൾ ഒരുപാടുള്ള പദ്ധതിയാണെന്ന അലോക് വർമയുടെ വിമർശനം അംഗീകരിക്കാനാവില്ല. പദ്ധതിയുമായി ബന്ധപ്പെട്ട 18 അംഗ സംഘത്തിലെ ആളാണ് അദ്ദേഹം. മൂന്ന് മാസം മാത്രം ജോലി ചെയ്ത കേരളത്തിന് വെളിയിലുള്ള ഒരാൾക്ക് പദ്ധതിയുടെ എ.ബി.സി.ഡി മനസ്സിലാക്കാനുള്ള സമയം പോലും ലഭിച്ചിട്ടില്ല. -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.