തിരുവനന്തപുരം: ആസൂത്രണത്തിലെയും വിതരണത്തിലെയും പാളിച്ചക്കൊപ്പം സെർവർ തകരാറ് കൂടി വില്ലനായതോടെ സർക്കാർ വക ഓണക്കിറ്റിന് ഉത്രാടനാളിലും ഓട്ടപ്പാച്ചിൽ. ആറ് ലക്ഷം പേർക്കാണ് കിറ്റ് നൽകേണ്ടതെങ്കിലും ഞായറാഴ്ച വരെ വാങ്ങിയത് രണ്ട് ലക്ഷം പേർ. ശേഷിക്കുന്ന നാല് ലക്ഷത്തിന് ഉത്രാടം നാളാണ് ശരണം. വിതരണത്തീയതി നേരത്തെ പ്രഖ്യാപിച്ചെങ്കിലും വിതരണത്തിന് മതിയായ കിറ്റുകളെത്തിച്ചത് ഞായറാഴ്ചയാണ്. തിങ്കളാഴ്ച രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കടകൾ തുറന്ന് യുദ്ധകാലാടിസ്ഥാനത്തിൽ വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ നിർദേശം.
കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കിറ്റ് വിതരണം പ്രതിസന്ധിയിലായത്. മഞ്ഞ കാര്‍ഡ് ഉടമകള്‍, ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ എന്നിവരുള്‍പ്പെടെ 6,07,691 പേര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. സപ്ലൈകോ പ്രതിസന്ധിയും ഏത് വിഭാഗത്തിലുള്ളവർ നൽകണമെന്നത് നിശ്ചയിക്കുന്നതിലെ ആശയക്കുഴപ്പവും രൂക്ഷമായപ്പോള്‍ ഓണക്കിറ്റില്‍ സർക്കാർ തീരുമാനം തന്നെ വൈകി. ഇതോടെ, കിറ്റില്‍ വേണ്ട സാധന സാമഗ്രികള്‍ക്ക് ഓര്‍ഡര്‍ നല്‍കാനും കാലതാമസമുണ്ടായി.
90 ശതമാനം കടകളിലും ഞായറാഴ്ച സാധനം എത്തിയിട്ടുണ്ടെന്നും തിങ്കളാഴ്ച കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാവുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. മുഴുവന്‍ റേഷന്‍ കടകളിലും ഞായറാഴ്ച ഉച്ചയോടെ ഓണക്കിറ്റ് എത്തിച്ചെന്ന് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. ഇതുവരെ 2,10,000 കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.