ആവശ്യമെങ്കിൽ മാത്രം ഓണക്കിറ്റ് -മന്ത്രി അനിൽ

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിൽ നിലപാട് വ്യക്തമാക്കാതെ സർക്കാറും ഭക്ഷ്യവകുപ്പും. സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞക്കാർഡുകാർക്ക് മാത്രമായി കിറ്റ് ചുരുക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും പ്രതിസന്ധി രൂക്ഷമായതോടെ എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് ധനവകുപ്പ്. ഇതോടെ ആവശ്യമാണെന്ന് തോന്നുന്ന ഘട്ടത്തിൽ മാത്രം കിറ്റ് നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കിറ്റ് ആവശ്യമുള്ള കാലഘട്ടവും ഇല്ലാത്ത ഘട്ടവും ഉണ്ട്. കോവിഡിന്‍റെ അന്തരീക്ഷത്തിൽ ജനങ്ങളെ പൂർണമായി സഹായിക്കേണ്ട ആവശ്യകത സർക്കാറിനുണ്ടായിരുന്നു. സഹായമാവശ്യമുള്ളവർക്ക് നൽകുന്ന പിന്തുണയാണ് കിറ്റ്. അത്തരം സഹായം ഓണത്തിന് മാത്രമല്ല ഏത് സമയത്തും നൽകാമെന്നും മന്ത്രി പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് നീല, വെള്ള കാർഡുകാർക്കുള്ള അരിവിഹിതം സർക്കാർ വർധിപ്പിച്ചു. വെള്ള കാർഡുകാർക്ക് നിലവിലെ രണ്ട് കിലോക്ക് പുറമേ അഞ്ചുകിലോ അരികൂടി കിലോക്ക് 10.90 രൂപ നിരക്കില്‍ വിതരണം ചെയ്യും. നീല കാ‍ർഡുകാർക്ക് കാർഡിലെ ഓരോ അംഗത്തിനും അനുവദിച്ചിട്ടുള്ള രണ്ടു കിലോക്ക് (കിലോ നാലു രൂപ നിരക്കിൽ) പുറമെ അധിക വിഹിതമായി അഞ്ചു കിലോ അരി 10. 90 രൂപ നിരക്കിലും ആഗസ്റ്റ് 14 മുതൽ ലഭിക്കും. മഞ്ഞ കാർഡുകാർക്ക് മൂന്നുമാസത്തിലൊരിക്കല്‍ കൊടുക്കുന്ന അര ലിറ്റർ മണ്ണെണ്ണക്ക് പുറമെ അരലിറ്റർ മണ്ണെണ്ണ കൂടി വിതരണം ചെയ്യും. ആഗസ്റ്റ് 27, 28 തീയതികളിൽ റേഷന്‍കടകള്‍ തുറന്ന് പ്രവർത്തിക്കും. 29,30,31 തീയതികളില്‍ കടകള്‍ക്ക് അവധിയായിരിക്കും.

Tags:    
News Summary - Onam kit only if necessary - Minister Anil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.