തൃശൂർ: ജാതിമത ചിന്തകൾക്കതീതമായി മാനുഷരെല്ലാം ഒന്നു പോലെ ഒരേ മനസ്സോടെ ഒത്തുകൂടിയപ്പോൾ സാംസ്കാരിക നഗരയിൽ സ്നേഹ കൂട്ടായ്മയുടെ കൂറ്റൻ പൂക്കളം നിറഞ്ഞു. മാവേലിയെ വരവേൽക്കാൻ കള്ളവും ചതിയുമില്ലാതെ നന്മ നിറഞ്ഞ മനസ്സുകൾ ഒന്നിച്ചപ്പോൾ ഓണാഘോഷത്തിെൻറ ആരവം തുടങ്ങി.
സായാഹ്ന സൗഹൃദ കൂട്ടായ്മയാണ് ഇത്തവണയും തെക്കേ ഗോപുര നടയിൽ കൂറ്റൻ പൂക്കളമൊരുക്കിയത്. വലിപ്പ ചെറുപ്പമില്ലാത്ത സൗഹൃദങ്ങളുടെ ദിവസങ്ങൾ നീണ്ട പരിശ്രമമാണ് നയനഭംഗി നിറച്ച പൂക്കളം പൂർത്തിയാക്കിയത്.
50 അടി വ്യാസത്തില്‍ ആയിരം കിലോ പൂക്കൾ കൊണ്ടാണ് പൂക്കളം പൂർത്തിയാക്കിയത്. നാലര മണിക്കൂറോളം 150ൽ അധികം പേരാണ് അത്തപ്പൂക്കളത്തിനായി പരിശ്രമിച്ചത്. സൗഹൃദ കൂട്ടായ്മയിലെ മുതിർന്ന അംഗം പ്രഫ. എം. മുരളീധരനും ഒന്നരവയസ്സുകാരൻ ജീവൻ ജിത്തും ചേർന്ന് ആദ്യ പൂവ് കളത്തിലിട്ടു. തെച്ചി, മന്ദാരം, തുളസി, മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ജമന്തി, ചെണ്ടുമല്ലി, റോസ് തുടങ്ങിയ പൂക്കളാണ് ഉപയോഗിച്ചത്.
ജില്ലയിലെ ടൂറിസം ഓണാഘോഷങ്ങളുടെ കൊടിയേറ്റ് കൂടിയായി പൂക്കളമൊരുക്കൽ മാറി. ആഘോഷങ്ങൾ പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്തു. മേയർ അജിത ജയരാജൻ പൂക്കളം നഗരത്തിന് സമർപ്പിച്ചു.
സൗഹൃദ കൂട്ടായ്മ ജനറൽ കൺവീനർ ഷോബി ടി. വർഗീസ്, ചെയർമാൻ സി.കെ. ജഗന്നിവാസൻ, സി.എന്‍. ചന്ദ്രൻ, ജോബി തോമസ്, സണ്ണി ചക്രമാക്കൽ, സോമൻ ഗുരുവായൂർ, കെ.വി. സുധർമൻ, പി.ഡി. സേവ്യർ, കെ.കെ. സോമൻ എന്നിവർ പൂക്കളമൊരുക്കലിന് നേതൃത്വം നൽകി. ആർട്ടിസ്റ്റ് നന്ദനാണ് പൂക്കളം രൂപകൽപ്പന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.