കായംകുളം: ക്ഷേത്രവളപ്പിൽ എസ്.എഫ്.െഎ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. വള്ളികുന്നം കണ്ണമ്പള്ളി പടീറ്റതിൽ അരുൺ അച്ച്യുതനാണ് പിടിയിലായത്. പലതവണ പൊലീസിനെ വെട്ടിച്ച് കടന്ന ഇയാളെ തന്ത്രപരമായാണ് കഴിഞ്ഞ ദിവസം വലയിലാക്കിയത്. പൊലീസ് സ്റ്റേഷൻ നിലകൊള്ളുന്ന ചൂനാട് ജങ്ഷനിൽ മൂന്ന് ദിവസം മുമ്പ് സൈക്കിളിൽ കറങ്ങിയ ഇയാൾ തന്ത്രപരമായി രക്ഷപ്പെട്ടിരുന്നു.
തിങ്കളാഴ്ച രാത്രി കട്ടച്ചിറ-മങ്ങാരം റോഡിലുണ്ടായിരുന്ന ഇയാളുടെ ടവർ ലൊക്കേഷൻ ലക്ഷ്യമാക്കി പൊലീസ് എത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. എന്നാൽ പിന്തുടർന്ന പൊലീസ് സംഘത്തിൽ നിന്നും രക്ഷപ്പെടാനായില്ല.
വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അഭിമന്യുവിനെ (15) കൊലപ്പെടുത്തുകയും സഹപാഠിയായ പുത്തൻചന്ത മങ്ങാട്ട് കാശിനാഥ് (15), ആദർശ് (17) എന്നിവരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. അഭിമന്യുവിന്‍റെ സഹോദരൻ അനന്തുവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. അനന്തുവും ഇപ്പോൾ പിടിയിലായ അരുൺ അച്ച്യുതനും തമ്മിൽ ശത്രുതയിലുമായിരുന്നു. കഴിഞ്ഞ ഏഴിന് അനന്തുവിനെതിരെ പൊലീസ് സ്റ്റേഷനിൽ അരുൺ പരാതിയും നൽകിയിരുന്നു.
കേസിലെ ഒന്നാം പ്രതി വള്ളികുന്നം പുത്തൻപുരക്കൽ സജയ്ജിത്ത് (20), രണ്ടാം പ്രതി വള്ളികുന്നം ജ്യോതിഷ് ഭവനിൽ ജിഷ്ണു തമ്പി (26), ഇലിപ്പക്കുളം െഎശ്വര്യയിൽ ആകാശ് പോപ്പി (20), ആറാം പ്രതി വള്ളികുന്നം പള്ളിവിള ജങ്ഷൻ പ്രസാദം വീട്ടിൽ പ്രണവ് (23) എന്നിവർ നേരത്തെ പിടിയിലായിരുന്നു. റിമാൻഡിലുള്ള ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.