കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തിരുനക്കരയിലെത്തി. ബുധനാഴ്ച രാവിലെ പുറപ്പെട്ട വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണി കഴിഞ്ഞാണ് തിരുനക്കരയിലെത്തിയത്. വിലാപ യാത്ര ആരംഭിച്ച് 28-ാം മണിക്കൂറിലാണ് തിരുനക്കരയിലെത്തിയത്.
തിരുനക്കരയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലൊരുക്കിയ പൊതുദർശനത്തിൽ പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ ജനസാഗരമാണ് ഒഴുകിയെത്തിരിക്കുന്നത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. തിരുനക്കരയിലെ പൊതുദർശനത്തിനുശേഷം പുതുപ്പള്ളിയിലേക്കാണ് വിലാപയാത്ര പോകുക.
തലസ്ഥാനത്തെ വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ രാവിലെ ഏഴിനാണ് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ പുതുപ്പള്ളി ഹൗസിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ ജന്മനാട്ടിലേക്ക് വിലാപയാത്ര പുറപ്പെട്ടത്. എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു. പ്രിയനേതാവിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ റോഡിന് ഇരുവശവും തടിച്ചുകൂടിയതോടെ വിലാപയാത്രയുടെ മുൻനിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി.
കണ്ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് ജനം വഴിനീളെ നേതാവിനെ ഒരുനോക്ക് കാണാൻ കാത്തിരുന്നത്. രാത്രിയിലും മഴയത്തും ഹൃദയാഭിവാദ്യം അർപ്പിക്കാൻ വഴിയരികയിൽ കാത്തുനിന്നത് ആയിരക്കണക്കിനാളുകളാണ്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തിയിട്ടുണ്ട്.
സംസ്കാര ചടങ്ങിന് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. എക്കാലവും ഉമ്മൻ ചാണ്ടി ഓടിയെത്തിയിരുന്ന പുതുപ്പള്ളി സെന്റ്ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേകമായി തയാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം.
ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഔദ്യോഗിക ബഹുമതികളില്ലാതെയാണ് സംസ്കാരം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.