തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റുമാരുടെ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി അടങ്ങുന്നില്ല. രണ്ടുവട്ടം ചർച്ച നടത്തിയെന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ പ്രസ്താവനയാണ് ഉമ്മൻചാണ്ടിയുടെ പുതിയ പ്രകോപനത്തിന് വഴിവെച്ചിട്ടുള്ളത്. രണ്ടാംവട്ട ചർച്ച എവിടെ നടന്നുവെന്ന് സുധാകരൻ വ്യക്തമാക്കണമെന്നാണ് ഉമ്മൻചാണ്ടിയുടെ ആവശ്യം.
കൂടാതെ, ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്‍റുമാരായി നിർദേശിച്ചവരുടെ പേരുകൾ എഴുതിയ ഡയറി സുധാകരൻ മാധ്യമപ്രവർത്തകർക്ക് നേരെ ഉയർത്തി കാട്ടിയതിലും ഉമ്മൻചാണ്ടിക്ക് അമർഷമുണ്ട്. എന്നാൽ, പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടാണ് ഉമ്മൻചാണ്ടി സ്വീകരിച്ചിട്ടുള്ളത്.
അതേസമയം, ഉമ്മൻചാണ്ടിയെ പിന്തുണക്കുന്ന മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി. ഡി.സി.സി പുനഃസംഘടന സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് എടുത്ത തീരുമാനം പരസ്യ പ്രതികരണമില്ലാതെ തീർക്കാൻ സാധിക്കുമായിരുന്നുവെന്ന് തിരുവഞ്ചൂർ പറഞ്ഞു.
പാർട്ടിയിൽ തർക്കങ്ങൾ സ്വാഭാവികമാണ്. ഈ തർക്കങ്ങൾ വലിയ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു പോകാതെ സംസാരിച്ച് പരിഹരിക്കാമായിരുന്നു. മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ മാനിച്ചെന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
ഡി.സി.സി അധ്യക്ഷരെ തീരുമാനിക്കുന്നതിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്നാണ് ഉമ്മൻ ചാണ്ടി ഇന്നലെ പറഞ്ഞത്. ചർച്ച നടത്താമെന്ന് ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഒന്നും നടന്നില്ല. കൂടിയാലോചന നടത്താതെ നടത്തിയെന്ന് സംസ്ഥാന നേതൃത്വം നിലപാെടടുത്തു. അനാവശ്യമായി തെൻറ പേര് വലിച്ചിഴച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
വേണ്ട പോലെ ചർച്ച നടത്തിയെങ്കിൽ ഹൈകമാൻഡ് ഇടപെടൽ ഒഴിവാക്കാമായിരുന്നുവെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. സ്ഥാനം കിട്ടുേമ്പാൾ മാത്രം ഗ്രൂപ്പിെല്ലന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. എല്ലാവർക്കും ഗ്രൂപ്പുണ്ട്. ഏതെങ്കിലും ഒരു കാലത്ത് ഗ്രൂപ്പുകാരായും മാനേജർമാരായും പ്രവർത്തിച്ചവരാണ് പലരുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, തങ്ങളുമായി വേണ്ടത്ര ചർച്ച നടത്തിയില്ലെന്ന ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും ആരോപണം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തള്ളിയിരുന്നു. വിട്ടുവീഴ്ചക്കില്ലെന്ന സൂചന നൽകിയ സുധാകരനും സതീശനും കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകി. ഇരുവരുമായും രണ്ട് തവണ ചർച്ച നടത്തിയെന്ന് സുധാകരൻ പറഞ്ഞു. ഗ്രൂപ്പിെൻറ അടിസ്ഥാനത്തിൽ മാത്രമാണ് കലാകാലങ്ങളിൽ പുനഃസംഘടന നടന്നത്. രണ്ട് ഗ്രൂപ്പുകളിലെ നേതാക്കൾ മാത്രമാണ് ചർച്ച നടത്തിയിരുന്നത്. മറ്റുള്ളവരോട് ചർച്ച നടത്തിയിരുന്നില്ലെന്നും സുധാകരൻ ആരോപിച്ചു.
കിട്ടിയ പേരുകൾ വീതംെവച്ചുകൊടുക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും അതിന് ഞങ്ങൾ ഇൗ സ്ഥാനത്ത് ഇരിക്കണോയെന്നും വി.ഡി. സതീശൻ ചോദിച്ചു. പുതിയ നേതൃത്വം ചുമതലയേൽപിച്ചാൽ അവരാണ് തീരുമാനമെടുക്കേണ്ടത്. ഇത്രയും വിശദമായി ചർച്ച മുമ്പ് നടന്നിട്ടില്ല. എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.