ഓപറേഷൻ കാവൽ മനുഷ്യാവകാശ ലംഘനം; ആഭ്യന്തരം ആർ.എസ്.എസിന് കാവലിരിക്കുന്നു -സോളിഡാരിറ്റി

കോഴിക്കോട്​: ക്രിമിനൽ ഗുണ്ടാ പ്രവർത്തനങ്ങളെ നേരിടാനെന്ന പേരിൽ കേരള പൊലീസ് നടപ്പിലാക്കുന്ന 'ഓപറേഷൻ കാവൽ' കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വഴിവെക്കുന്നുവെന്നും ആഭ്യന്തര വകുപ്പ് ആർ.എസ്.എസിന് കാവലിരിക്കുകയാണെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്​ സംസ്ഥാന പ്രസിഡന്‍റ്​ നഹാസ് മാള. പൊലീസിന്‍റെ ക്രിമിനൽ-ഗുണ്ടാ ലിസ്റ്റിൽ മനുഷ്യാവകാശ പ്രവർത്തകർ, ജേർണലിസ്റ്റുകൾ, അധ്യാപകർ, ഗവേഷക വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടുന്നത് നിസ്സാരമായി തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പലരെയും വെരിഫിക്കേഷൻ എന്ന പേരിൽ പോലീസ് പിന്തുടരുകയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്യുന്നുണ്ട്. ഇതിന് മുൻപ് തീവ്രവാദത്തിന്‍റെയും മാവോയിസത്തിന്‍റെയും പേരിൽ കള്ളക്കേസുകൾ ഉണ്ടാക്കി ദീർഘകാലം ജയിലടക്കപ്പെടുന്നവർ കേരള പൊലീസിന്‍റെ ഇതേരീതിയിലുള്ള ഓപറേഷനുകൾ നേരിടേണ്ടി വന്നിട്ടുള്ളവരാണ് എന്നത് ഈ വിഷയത്തിലെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.

ഇക്കാര്യത്തിൽ കേരള പൊലീസിന്‍റെ ശൈലി കേന്ദ്ര പൊലീസിന്‍റേതിന് സമാനമാണ്. ആർ.എസ്.എസിനെതിരെ സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തുന്നവരെ പൊലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതും സോഷ്യൽ മീഡിയ പോസ്റ്റുകൾ പിൻവലിപ്പിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. ഈ രീതിയിൽ പൊലീസ് വകുപ്പ് നേർക്ക് നേരെ ആർ.എസ്.എസിന് വേണ്ടി പ്രവർത്തിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾകൊണ്ട് സമൂഹം നേരിടണമെന്നും നഹാസ് മാള പറഞ്ഞു.

Tags:    
News Summary - Operation kaval is violation of human rights -Solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.