തിരുവനന്തപുരം: മലയാളിയുടെ ഇഷ്ട വിഭവമായ മീനിൽ മാരകവിഷം കലരുന്നുവെന്ന ഭീതി മത്സ്യവിപണിയിൽ കനത്ത തിരിച്ചടി സൃഷ്ടിച്ചു. കിലോക്ക് 800 രൂപ വിലയുണ്ടായിരുന്ന നെയ്മീന് 400ൽ എത്തിയെങ്കിലും മത്സ്യങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഇല്ലാത്ത അവസ്ഥ.
സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍വന്നതോടെ ഗോവ, ആന്ധ്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് മാസങ്ങള്‍വരെ പഴക്കമുള്ള മത്സ്യം അമിതമായനിലയില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് എത്തിക്കൊണ്ടിരുന്നത്. അമിതലാഭം മോഹിച്ചാണ് വിഷം ചേർക്കുന്ന കടുംകൈക്ക് വൻകിട മത്സ്യലോബി തയാറാകുന്നത്. രാസവസ്തുക്കള്‍ ചേര്‍ത്ത മീൻ കടല്‍മാര്‍ഗവും സംസ്ഥാനത്തേക്ക് എത്തുന്നുവെന്നും പറയപ്പെടുന്നു. രാസവസ്തു ചേർത്ത മത്സ്യം മറ്റ് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽനിന്ന് കടൽമാർഗം ചെറിയ ബോട്ടുകള്‍ വഴിയാണ് കേരള തീരങ്ങളിലേക്ക് വരുന്നത്.
ചെക് പോസ്റ്റുകളിൽ ലോറികള്‍ പിടിക്കാന്‍ തുടങ്ങിയതോടെയാണ് കടല്‍മാര്‍ഗം കടത്തുതുടങ്ങിയത്. ട്രോളിങ് നിരോധനവും മത്സ്യലഭ്യതക്കുറവും മുന്‍കൂട്ടി കണ്ട ഇതര സംസ്ഥാന മത്സ്യലോബികള്‍ മാസങ്ങള്‍ക്ക് മുമ്പേ പുറം തോട് കട്ടിയുള്ള മത്സ്യങ്ങളായ ചൂര, പാര, വത്തപാര, നെയ്മീന്, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങള്‍ സ്റ്റോക് ചെയ്തിരുന്നു. ഇതാണ് കൂടുതല്‍ അപകടകരമായരീതിയില്‍ രാസവസ്തുക്കള്‍ ചേര്‍ന്ന് എത്തുന്നത്. തമിഴ്നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, കുളച്ചല്‍, മുട്ടം തുറമുഖങ്ങളിൽനിന്ന് ചെറുമത്സ്യങ്ങള്‍പോലും ലേലം വിളിച്ച് എടുത്തവര്‍ കൂടുതല്‍ വില പ്രതീക്ഷിച്ച് രാസവസ്തുക്കള്‍ ചേര്‍ത്ത് രണ്ടും മൂന്നും ദിവസം കഴിഞ്ഞ് വില്പനക്ക് എത്തിക്കുകയാണ്.
മായം കണ്ടെത്താൻ വഴിയുണ്ട്
തിരുവനന്തപുരം: മാരക വിഷമത്സ്യം അതിർത്തിയിലൂടെ സംസ്ഥാനത്തേക്ക് ഒഴുകുന്നു. ആര്യങ്കാവ് ചെക്പോസ്റ്റില്‍ പിടിച്ചെടുത്ത വിഷമത്സ്യം തൂത്തുക്കുടിയില്‍നിന്നാണ് കൊണ്ടുവന്നത്. ഓപറേഷന് സാഗര്‍റാണിയുടെ മൂന്നാം ഘട്ടത്തിൽ മായം കലര്‍ത്തിയ 28,000ത്തോളം കിലോഗ്രാം മത്സ്യം പിടികൂടി. അമരവിള, വാളയാര്‍, ആര്യങ്കാവ് ചെക് പോസ്റ്റുകളില്‍നിന്നാണ് മത്സ്യം പിടിച്ചെടുത്തത്. സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പേപ്പര്‍ സ്ട്രിപ് രണ്ടാഴ്ചക്കകം വിപണിയിലെത്തും.
മൂന്നുരൂപ വിലയുള്ള സ്ട്രിപ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് മത്സ്യത്തിലെ മായം കണ്ടെത്താം. ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ബോട്ട് മാര്‍ഗം വരുന്ന മത്സ്യങ്ങളും പരിശോധിക്കും. ഇടനിലക്കാര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കും. മൂന്ന് ഘട്ടമായാണ് ഓപറേഷന് സാഗര്‍റാണി നടപ്പാക്കുന്നത്. രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി ബോധവത്കരണമാണ് ആദ്യഘട്ടത്തില്‍ ചെയ്തത്. മത്സ്യബന്ധന വിതരണകേന്ദ്രങ്ങളിൽനിന്ന് സാംപ്ൾ ശേഖരിച്ച് പരിശോധിക്കുകയാണ് രണ്ടാം ഘട്ടം. ഇതില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നാംഘട്ട പരിശോധന ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.