ഭൂമി തരം മാറ്റുന്നത് എങ്ങനെ?

കോഴിക്കോട്: നെൽവയൽ തണ്ണീർത്തട നിയമപ്രകാരം ഭൂമി തരംമാറ്റുന്നതിന് റെലിസ് പോർട്ടൽ (https://www.revenue.kerala.gov.in) മുഖേന ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം. തുടർന്ന്, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ റവന്യൂ ഡിവിഷണൽ ഓഫീസറുടെ ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥന് (താലൂക്ക് അടിസ്ഥാനത്തിൽ ചുമതല നിക്ഷിപ്തമായ റവന്യൂ ഡിവിഷണൽ ഓഫീസർ/ഡെപ്യൂട്ടി കലക്ടർക്ക് ) ഈ അപേക്ഷ കൈമാറും.

ഭൂമി തരംമാറ്റുന്നതിന് അപേക്ഷാ ഫീസ് 1000 രൂപയാണ്. തരംമാറ്റാനുദ്ദേശിക്കുന്ന ഭൂമിയുടെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ തരംമാറ്റ ഫീസ് ഈടാക്കുന്നതാണ്. 2021 ഫെബ്രുവരി 25ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള 2021ഏപ്രിൽ 21ലെ ഉത്തരവ് പ്രകാരം, തരംമാറ്റാനുദ്ദേശിക്കുന്ന ഭൂഭാഗം ഉൾപ്പെടുന്ന ഭൂമി, 2017 ഡിസംബർ 30ന് പ്രാബല്യത്തിലായ, 25 സെൻറിൽ കൂടാത്ത ഭൂമിയാണെങ്കിൽ സൗജന്യമായി തരംമാറ്റാം.

എന്നാൽ അപേക്ഷാ ഭൂമി 25 സെൻററിൽ കൂടുതൽ ഒരു ഏക്കർ വരെ വിസ്തൃതിയുളളതുമാണെങ്കിൽ ന്യായവിലയുടെ 10 ശതമാനം ഫീസും ഒരു ഏക്കറിൽ കുടുതലുള്ള പക്ഷം ന്യായവിലയുടെ 20 ശതമാനം ഫീസും അടക്കേണ്ടതാണ്. (ന്യായവിലയെന്നാൽ, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ നിർവചന പ്രകാരമുള്ള ന്യായവില എന്നാണ് അർഥമാക്കുന്നത്). അപേക്ഷാഭൂമിയിൽ നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ വിസ്തീർണ്ണം 3,000 ച. അടിയിൽ കൂടുതലാണെങ്കിൽ അധികമായി വരുന്ന ഓരോ ചതുരശ്ര അടിക്കും 100 രൂപ നിരക്കിലുള്ള ഫീസ് കൂടി അടക്കണം.

50 സെന്‍റ് (20.20 ആർസ് ) വരെയുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ തരംമാറ്റുന്നതിന് ഫോറം ആറ് അപേക്ഷയും 50 ന് മുകളിൽ വിസ്തൃതിയുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ തരംമാറ്റുന്നതിന് ഫോറം ഏഴ് അപേക്ഷയുമാണ് സമർപ്പിക്കേണ്ടത്. അപേക്ഷക്കൊപ്പം 1000 രൂപ ഫീസ് ഒടുക്കിയ രസീതിന്റെ അസൽ, നികുതി രസീതിന്റെ പകർപ്പ്, ആധാരത്തിന്റെ പകർപ്പ്, വില്ലജ് ഓഫീസർ അല്ലെങ്കിൽ ലൈസൻസുള്ള സർവേയർ തയാറാക്കിയ വസ്തുവിന്റെ സ്കെച്ച്, അപേക്ഷാഭൂമി ഡാറ്റാബാങ്കിൽ ഉൾപ്പെടുന്നില്ലെന്ന കൃഷി ഓഫിസറുടെ സാക്ഷ്യപത്രം, അപേക്ഷാഭൂമിയിൽ കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്ലാൻ, സൗജന്യ തരംമാറ്റത്തിന് അർഹതയുള്ള കേസുകളിൽ അപേക്ഷാ ഭൂമി 30.12.2017 ഡിസംബർ 30 ന് മുൻപ് 25 സെന്ററിൽ അധികരിച്ചിരുന്നില്ല എന്ന് വ്യക്തമാക്കിയുള്ള 50 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കിയ സത്യവാങ്മൂലം എന്നിവ സമർപ്പിക്കണം.

തരംമാറ്റേണ്ട ഭൂമിയുടെ വിസ്തൃതി 50 സെന്‍റിൽ കൂടുതലുണ്ടെങ്കിൽ ഭൂമിയുടെ 10 ശതമാനം ജലസംരക്ഷണ നടപടികൾക്കായി നീക്കിവെക്കേണ്ടതിനാൽ 10 ശതമാനം ജലസംരക്ഷണ പ്രദേശം നീലനിറത്തിലും മറ്റു പ്രദേശങ്ങൾ ചുവപ്പ് നിറത്തിലും രേഖപ്പെടുത്തി വില്ലേജ് ഓഫീസർ അല്ലെങ്കിൽ ലൈസൻസുള്ള സർവേയർ തയാറാക്കുന്ന സ്കെച്ചും സമർപ്പിക്കണം.

തുടർന്ന് റവന്യൂ ഡിവിഷണൽ ഓഫീസർ ഫോറം ആറ് അപേക്ഷയിന്മേൽ വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ആവശ്യപ്പെടും. ഫോറം ഏഴ് അപേക്ഷയാണെങ്കിൽ വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിനൊപ്പം കൃഷി ഓഫീസറുടെ റിപ്പോർട്ട് കൂടി റവന്യൂ ഡിവിഷണൽ ഓഫീസർ ആവശ്യപ്പെടും.

ഈ റിപ്പോർട്ടുകൾ പരിഗണിച്ച് തരം മാറ്റം അനുവദിക്കുന്ന പക്ഷം അപേക്ഷകനോട് തരംമാറ്റം ഫീസ് അടക്കാൻ നിർദേശിക്കും. അപേക്ഷകൻ ഫീസ് അടച്ചതിനു ശേഷം റവന്യൂ ഡിവിഷണൽ ഓഫീസർ തരംമാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കും. ഈ ഉത്തരവിൽ സബ് ഡിവിഷൻ നടപടികൾ ആവശ്യമുള്ളത് സ്വീകരിക്കുവാൻ ബന്ധപ്പെട്ട തഹസിൽദാർക്ക് നിർദേശം നൽകും. തുടർന്ന് അവസാനം വില്ലേജ് ഓഫീസർ റവന്യൂ രേഖകളിൽ മാറ്റം വരുത്തും.

1967 ജൂലൈ നാലിന് മുമ്പ് നികത്തിയതോ നികന്നതോ ആയ ഭൂമിയുടെ സ്വഭാവ വ്യതിയാനം സംബന്ധിച്ചുള്ള ഫോറം ഒമ്പതിൽ സമർപ്പിക്കണം. ഈ ഭൂമി 1967 ജൂലൈ നാലിന് മുമ്പ് നികത്തിയതോ നികന്നതോ ആണെന്ന് തെളിയിക്കുന്നതിനായി ഈ ഭൂമിയെ സംബന്ധിക്കുന്ന തെളിവ് നൽകണം.

1967 ജൂലൈ നാലിന് മുമ്പ് നികന്നതായോ ആവശ്യങ്ങൾക്കായി പ്രസ്താവിച്ചിട്ടുള്ള അല്ലെങ്കിൽ, കാർഷികേതര ഉപയോഗിച്ചിട്ടുള്ളതായോ ആധാരത്തിൻ്റെ പകർപ്പുകൾ ഹാജരാക്കണം.

ഈ ഭൂമി 1967 ജൂലൈ നാലിന് മുമ്പ് നികന്നതോ, കാർഷികേതര ആവശ്യത്തിന് ഉപയോഗിച്ചിട്ടുള്ളതോ എന്ന് മുദ്രപത്രത്തിൽ തയാറാക്കിയ നിയമാനുസൃത ഉടമ്പടികൾ എന്നിവ (ഒറ്റി, കാണം തുടങ്ങിയവരുടേത് ഉൾപ്പെടെ) സമർപ്പിക്കണം.

ഈ ഭൂമിയിൽ 1967 ജൂലൈ നാലിന് മുമ്പ് നിലവിലുണ്ടായിരുന്ന കെട്ടിടത്തിന് തദ്ദേശ സ്ഥാപനത്തിൽ കെട്ടിട നികുതി അടച്ചതിന്റെ രസീത്, അല്ലെങ്കിൽ ഭൂമി 1967 ജൂലൈ നാലിന് മുമ്പ് നികന്നതായോ മറ്റ് കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുള്ളതായി തെളിയിക്കുന്ന തരത്തിൽ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനോ, സർക്കാർ ഏജൻസികളോ നൽകിയ ലൈസൻസോ മറ്റ് രേഖകൾ സമർപ്പിക്കണം.

വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം സംബന്ധിച്ച് സമർപ്പിച്ചിട്ടുള്ള അപേക്ഷയിൽ വ്യക്തമാക്കിയിട്ടുള്ള ഭൂമിയിലുള്ള മരങ്ങൾ, വീടുകൾ, പുരാതനമായ കാവുകൾ, എടുപ്പ് എന്നിവയുടെ പ്രായം, കാലപ്പഴക്കം എന്നിവയുടെ അടിസ്ഥാനത്തിലും അതിനനുസൃതമായും സാക്ഷിമൊഴികൾ നൽകണം.

ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി റവന്യൂ ഡിവിഷണൽ ഓഫീസർ വില്ലേജ് ഓഫീസറോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടും. ആവശ്യമുള്ളപക്ഷം സ്ഥല പരിശോധന നടത്തും. അപേക്ഷ അനുവദിക്കുന്ന ഭൂമി 1967-ലെ കേരള ലാൻഡ് യൂട്ടിലൈസേഷൻ ഓർഡറിന്റെ പ്രാരംഭതീയതിയായ 1967 ജൂലൈ നാലിന് മുമ്പ് നികത്തിയതോ നികന്നതോ ആണെന്ന് അപേക്ഷകൻ നടപടിക്രമങ്ങൾ പ്രകാരം തെളിയിക്കുന്നപക്ഷം, ചട്ടം 12(9) പ്രകാരമുള്ള ഷെഡ്യൂളിലുള്ള യാതൊരു ഫീസും അടക്കേണ്ടതില്ല.

Tags:    
News Summary - Paddy Wetlands Act: How to Change Land Type?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.