നെൽവയൽ തണ്ണീർത്തട നിയമം: രണ്ടു വർഷത്തേക്ക് ജീവനക്കാരെ നിയമിക്കാൻ ഉത്തരവ്

തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരമുള്ള ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിന് രണ്ടു വർഷത്തേക്ക് ജീവനക്കാരെ നിയമിക്കാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. താൽക്കാലിക തസ്തിക സൃഷ്ടിച്ച്, സ്ഥാനക്കയറ്റം വഴിയും പി.എസ്.സി മുഖേനയും സ്ഥിര ജീവനക്കാരെ നിയമിക്കാനാണ് ഉത്തരവ്.

നെൽവയൽ തണ്ണീർത്തട നിയമ പ്രകാരം, ഭൂമി തരംമാറ്റത്തിനായി ശേഷിക്കുന്ന അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനും, തുടർന്നു ലഭിക്കുന്ന അപേക്ഷകളിൽ കാലതാമസം കൂടാതെ നടപടി സ്വീകരിക്കുന്നതിനുമാണ് നിയമനം. രണ്ട് വർഷത്തേക്ക് താല്ക്കാലിക തസ്തിക സൃഷ്ടിച്ച്, 68 ജൂനിയർ സൂപ്രണ്ടുമാരെ സ്ഥാനക്കയറ്റത്തിലൂടെയും 181 ക്ലാർക്കുമാരെ പി.എസ്.സി വഴിയും നിയമിക്കുന്നതിന് അനുമതി നൽകിയാണ് ഉത്തരവ്. രണ്ട് വർഷത്തിനു ശേഷം വരുന്ന ഒഴിവുകളിൽ ജീവനക്കാരെ വിന്യസിപ്പിക്കാം എന്ന നിബന്ധനയിലാണ് നിയമനം.

നേരത്തെ സേവനമനുഷ്ടിച്ചിരുന്ന 140 സർവേയർമാരിൽ നിന്നും പ്രവർത്തന മികവ് പുലർത്തിയിട്ടുള്ള 123 സർവേയർമാരെ, താത്ക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് ധനവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലെ നിബന്ധനകൾക്ക് വിധേയമായി, ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമിക്കും. ഫീൽഡ് പരിശോധക്കായി 220 വാഹനങ്ങൾ വാടകക്ക് ഒരു വർഷത്തേക്ക് അനുവദിക്കാനുമാണ് ഉത്തരവ്. കോട്ടയം ജില്ലയിൽ സ്ഥാനക്കയറ്റങ്ങളും നിയമനങ്ങളും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിക്കുന്ന മുറക്ക് ബാധകമാകും.

ഭൂമി തരംമാറ്റം പോലുള്ള ഫയലുകൾ അടിയന്തരമായി തീർപ്പാക്കേണ്ടതുണ്ട്. റവന്യൂ ഡിവിഷണൽ ഓഫിസുകളിലെ നിലവിലുള്ള മാനുഷിക ശേഷിക്ക് അപ്രാപ്യമായ സംഗതിയാണെന്നും, അതിനാൽ ജൂനിയർ സൂപ്രണ്ടുമാരുടെയും സീനിയർ ക്ലാർക്കുമാരുടെയും താത്ക്കാലിക തസ്തിക സൃഷ്ടിച്ച്, ഈ തസ്തികകളിലേക്ക് താത്കാലികമായി ജീവനക്കാരെ സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നതിനുള്ള അനുമതി നൽകണമെന്നും ലാൻഡ് റവന്യൂ കമീഷണർ ആവശ്യപ്പെട്ടിരുന്നു. ലാൻഡ് റവന്യൂ കമീഷണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ഭൂമി തരം മാറ്റത്തിന് കുടിശ്ശികയായി കിടന്ന ഓഫ് ലൈൻ അപേക്ഷകൾ തീർപ്പാക്കുന്നതിന് അധിക സൗകര്യങ്ങൾ വളരെയേറെ പ്രയോജനപ്പെട്ടു. സംസ്ഥാനത്താകെ തരം മാറ്റത്തിനായി ലഭിച്ച രണ്ട് ലക്ഷത്തിലധികം ഓൺലൈൻ അപേക്ഷകൾ തീർപ്പാക്കാനുണ്ട്. പ്രതിദിനം 500-ൽ അധികം ഓൺലൈൻ അപേക്ഷകൾ സംസ്ഥാനത്താകെ റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ ലഭിക്കുന്നു. നേരത്തെയുള്ള ഉത്തരവുകൾ പ്രകാരം ജോലി ചെയ്തിരുന്ന താത്ക്കാലിക ജീവനക്കാരുടെ കാലാവധി ജൂൺ രണ്ടിന് അവസാനിച്ചു. ഈ സാഹചര്യത്തിൽ എല്ലാ ജീവനക്കാരും പിരിഞ്ഞു പോയി.

ഭൂമി തരംമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനായി, താത്ക്കാലിക ജീവനക്കാരെ ഇനി നിയമിക്കണമെങ്കിൽ, എംപ്ലോയന്റ് എക്സ്ചേഞ്ച് വഴി പുതിയ ലിസ്റ്റ് ആവശ്യപ്പെട്ട് അതിൽ നിന്നും അഭിമുഖം നടത്തി നിയമിക്കണം. അതിന് ആറുമാസത്തോളം സമയം വേണ്ടിവരും. ഇത്തരത്തിൽ നിയമിക്കുന്ന ജീവനക്കാർക്ക് യൂസർനെയിം, പാസ് വേർഡ് എന്നിവ നൽകാനോ സ്പോൺസിബിലിറ്റി ഫിക്സ് ചെയ്യാനോ കഴിയില്ല.

ഭൂമി തരംമാറ്റത്തിനായുള്ള ഓൺലൈൻ അപേക്ഷകളെ സംബന്ധിച്ച് ഇൻറർ മീഡിയറി ഓഫിസർമാരായ ജുനീയർ സൂപ്രണ്ടുമാരുടെ എണ്ണവും കൂടുതലായി ആവശ്യമാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച ഓൺലൈൻ അപേക്ഷകളുടെ തീർപ്പാക്കലിലൂടെ 385.79 കോടി രൂപ സർക്കാർ ഖജനാവിലേക്ക് എത്തി. ഭൂമി തരംമാറ്റൽ അപേക്ഷകളുടെ തീർപ്പാക്കലിലൂടെ ഓരോ വർഷവും സർക്കാരിലേക്ക് ചുരുങ്ങിയത് 200 കോടിയാണ് ലഭിക്കുന്നത്.

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട വിവിധ രേഖകളുടെ പരിശോധന, വില്ലേജ് ഓഫിസർ (കൃഷി ഓഫിസർ എന്നിവർ സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ പരിശോധന, പരിവർത്തന ഫീസ് കണക്കുകൂട്ടൽ, സ്ഥലപരിശോധന ഉറപ്പാക്കേണ്ട കേസുകളിൽ കെ.എസ്.ആർ.ഇ.സി റിപ്പോർട്ട് ശേഖരിച്ച് പരിശോധിക്കൽ എന്നിവയും, രജിസ്ട്രേഷൻ, മജിസ്റ്റീരിയൽ നടപടിക്രമങ്ങൾ, രക്ഷാകർത്താക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമം സംബന്ധിച്ച നിയമം, ഭൂമിയുടെ ന്യായവില നിർണയം സി.ആർ.പി.സി വകുപ്പ് 174, 133, പ്രകാരമുള്ള നടപടികൾ, പലവിധ അപ്പീലുകൾ എന്നിങ്ങന അനവധി ചുമതലകൾ, ദിനംപ്രതി, റവന്യൂ ഡിവിഷണൽ ഓഫിസുകളിൽ സമയബന്ധിതമായി കൈകാര്യം ചെയ്യണം. എന്നാൽ, ജോലി ഭാരത്തിന് അനുസരിച്ചുള്ള ജീവനക്കാർ റവന്യൂ ഡിവിഷണൽ ഓഫിസുകളിൽ നിലവിലില്ല. അതിനാലാണ് പുതിയ നിയമനം. 

Tags:    
News Summary - Paddy Wetlands Act: Order to appoint staff for two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.