പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ആവേശം വോട്ടെടുപ്പിൽ കാണാതെ പാലക്കാട് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചെങ്കിലും എട്ടോടെയാണ് എല്ലാ ബൂത്തുകളിലും സജ്ജീകരണം പൂർണമായത്. പോളിങ് തുടക്കം മുതൽ മന്ദഗതിയിലായിരുന്നു. രാവിലെ പത്തു വരെ മിക്ക ബൂത്തുകളിലും നീണ്ട നിര ദൃശ്യമായെങ്കിലും പിന്നീട് കുറഞ്ഞു. പാലക്കാട് നഗരസഭയിലെ പല ബൂത്തുകളിലും തീരെ തിരക്കുണ്ടായിരുന്നില്ല. എന്നാൽ, ഉച്ചക്കുശേഷം ബൂത്തുകളിലെല്ലാം കനത്ത തിരക്ക് അനുഭവപ്പെട്ടു. വോട്ടുയന്ത്രം പണിമുടക്കിയത് പലയിടത്തും മണിക്കൂറുകളോളം കാത്തിരിപ്പിന് ഇടയാക്കി.
എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിൻ വോട്ട് രേഖപ്പെടുത്താനെത്തിയ മണപ്പുള്ളിക്കാവ് ട്രൂ ലൈൻ പബ്ലിക് സ്കൂളിലെ 88ാം ബൂത്തിൽ രാവിലെ യന്ത്രം തകരാറിലായി. ഏറെ നേരം കാത്തുനിന്നിട്ടും പരിഹരിക്കാനാവാതായതോടെ സ്ഥാനാർഥി വോട്ട് ചെയ്യാതെ മടങ്ങി. പിന്നീട് പ്രശ്നം പരിഹരിച്ചപ്പോഴേക്കും നീണ്ട വരി രൂപപ്പെട്ടു. അതിനാൽ ഉച്ചക്ക് 2.30ഓടെയാണ് സരിൻ വോട്ട് രേഖപ്പെടുത്തിയത്. മൂത്താന്തറ കർണകിയമ്മൻ സ്കൂളിലെ പോളിങ് ബൂത്തുകളിലൊന്നിൽ മൂന്നോടെ വോട്ടുയന്ത്രം തകരാറിലായി. ഇത് നന്നാക്കാൻ വൈകിയതോടെ മണിക്കൂറോളമാണ് വോട്ടർമാർ കാത്തിരുന്നത്. കാത്തിരുന്ന് മടുത്ത പലരും തിരിച്ചുപോയി. ഒടുവിൽ അധികൃതരെത്തി യന്ത്രത്തിന്റെ തകരാർ പരിഹരിച്ച് വോട്ടിങ് പുനരാരംഭിക്കുമ്പോഴേക്കും വൈകീട്ട് നാലോടടുത്തിരുന്നു.
ചെൈമ്പ സംഗീത കോളജിലെ ബൂത്ത് നമ്പർ 29ൽ വോട്ടുയന്ത്രം തകരാറിലായി രാവിലെ ഒരു മണിക്കൂറോളം പോളിങ് തടസ്സപ്പെട്ടു. പിന്നീട് തകരാർ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. പിരായിരിയിലെ 122ാം ബൂത്തിലും യന്ത്രം പണിമുടക്കി. പ്രശ്നം പരിഹരിച്ചശേഷം 9.55നാണ് വോട്ടിങ് പുനരാരംഭിച്ചത്.
കൽപാത്തി എ.ബി.യു.പി സ്കൂളിലെ 17ാം ബൂത്തിൽ വൈദ്യുതി തടസ്സവും നേരിട്ടു. പല ബൂത്തുകളിലും പോളിങ് മന്ദഗതിയിലായതോടെ വോട്ടർമാരുടെ ഭാഗത്തുനിന്ന് പരാതികളും ഉയർന്നു. കണ്ണാടി പഞ്ചായത്തിലെ കടക്കുർശ്ശിയിലും നഗരസഭയിലെ പറക്കുന്നത്തും വൈകീട്ട് ആറിനും നൂറുകണക്കിനാളുകളാണ് വരിയിലുണ്ടായിരുന്നത്. വോട്ടിങ്ങിന് വേഗം കുറഞ്ഞതിനാൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയായിരുന്നു പല ബൂത്തുകളിലും. വോട്ടിങ് സമയം അവസാനിച്ചിട്ടും മിക്ക ബൂത്തുകളിലും പോളിങ് പുരോഗമിക്കുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.