ശ്രീനിവാസൻ വധം: പ്രതികൾ ജില്ല ആശുപത്രിയിൽ എത്തി, സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു

പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എസ്.കെ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം ജില്ല ആശുപത്രിയിൽ എത്തിയതായി പൊലീസ് കണ്ടെത്തി. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ പോസ്റ്റ്‌മോർട്ടം തുടങ്ങിയ സമയത്ത് പ്രതികൾ ആശുപത്രിയിൽ ഉണ്ടായിരുന്നതായി സൂചന. രാവിലെ 11 മണി വരെ ഇവർ ആശുപത്രിയിലുണ്ടായതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.

കൊലപാതകത്തിന് ശേഷം നഗരത്തിന് പുറത്തേക്ക് പ്രതികൾ നീങ്ങിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. ശ്രീനിവാസന്റെ കൊലപാതക കേസിൽ നിരവധി പേരെ ചോദ്യംചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. പലരെയും ചോദ്യംചെയ്യലിനായി വിളിച്ചു വരുത്തിയെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രതികൾ ഒറ്റപ്പാലം അടക്കാ പുത്തൂരിലൂടെ പോയി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

വിഷുദിവസത്തിലാണ് എലപ്പുള്ളിയിൽ വെച്ച് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെടുന്നത്. അതിന് തൊട്ടടുത്ത ദിവസമാണ് പാലക്കാട് നഗരത്തിൽ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.

സുബൈർ വധക്കേസിൽ മൂന്നുപേര്‍ കൂടി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ആറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് പിടിയിലായത്. അലിയാറിൽ നിന്ന് കാർ വാടകയ്ക്ക് എടുത്തയാളാണ് പാറ സ്വദേശി രമേശ്. ഇവർ മൂന്ന്‌പേരും പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

നേരത്തെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആർ.എസ്എസ് പ്രവർത്തകരായ ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരെയായിരുന്നു കസ്റ്റഡിയിലെടുത്തത്. സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവർ എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്. റിമാൻഡിലായിരുന്ന ഇവർ ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയിരുന്നത്.

Tags:    
News Summary - palakkad twin murder updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.