മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ മരണ വാർത്ത അറിഞ്ഞതു മുതൽ എല്ലാ വഴികളും ഒഴുകിയത് മലപ്പുറത്തേക്കായിരുന്നു. പല വഴികളിലൂടെ ഇടമുറിയാതെ എത്തിയ ആ പ്രവാഹം നേരം പുലരും വരെ തുടർന്നു. വൈകിട്ട് 6.45ഓടെയാണ് മൃതദേഹം മലപ്പുറം ടൗൺഹാളിൽ എത്തിച്ചത്. അപ്പോഴേക്കും മലപ്പുറം നഗരം തിരക്കിൽ മുങ്ങിയിരുന്നു. പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ ഇരച്ചെത്തിയവരെ നിയന്ത്രിക്കാൻ പൊലീസും വളന്‍റിയർമാരും ഏറെ വിയർത്തു.
ടൗൺ ഹാൾ മുറ്റത്തെ പന്തൽ തിരക്കിൽ വീർപ്പുമുട്ടി. പലപ്പോഴും നിയന്ത്രണം തെറ്റി. പ്രധാന ഗെയിറ്റ് തകർന്നു. മനുഷ്യസാധ്യമായ എല്ലാ സംവിധാനവുമൊരിക്കിയിരുന്നുവെങ്കിലും അതെല്ലാം വൈകാരികാന്തരീക്ഷത്തിൽ മതിയാവാതെ വന്നു. പുഞ്ചരി മാഞ്ഞ ആറ്റപ്പൂവിന്‍റെ പൂമുഖം ഒരുനോക്കു കാണാൻ ടൗൺഹാളിന് പുറത്ത് കാത്തു നിന്നവരുടെ വരി കിഴക്കേത്തലയിലേക്കും മുണ്ടുപറമ്പിലേക്കും നീണ്ടു. രാത്രിയോടെ നഗരത്തിന് ഉൾക്കൊള്ളാനാവാത്ത ജനപ്രളയത്തിനാണ് മലപ്പുറം സാക്ഷിയായത്.
ടൗൺഹാൾ നിൽക്കുന്ന മഞ്ചേരി റോഡിലേക്കുള്ള എല്ലാ വഴികളും അടച്ച് പൊലീസ് ബാരിക്കേഡുകൾ തീർത്തെങ്കിലും ഇരമ്പിയെത്തിയ ജനം നഗരവീഥികളെ ശ്വാസംമുട്ടിച്ചു. പരിസരത്തെ കെട്ടിടങ്ങൾക്കു മുകളിലെല്ലാം മൃതദേഹം കൊണ്ടുപോകുന്നതുവരെ നിരവധിയാളുകളുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ 8.30 ഓടെ ടൗൺഹാളിൽ നിന്ന് പാണക്കാട്ടെ പള്ളിയിലെത്തിച്ച് ഒമ്പതോടെ ഖബറടക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, അനിതരസാധാരണമായ ജനത്തിരക്കും മൃതദേഹം അധികം സൂക്ഷിക്കാനാവാത്ത സന്നിഗ്ധാവസ്ഥയുമുണ്ടായതോടെ അർധ രാത്രി പാണക്കാട്ടേക്ക് കൊണ്ടുപോയി പുലർച്ചെ തന്നെ ഖബറടക്കാൻ തീരുമാനിക്കേണ്ടി വന്നു.
12.10ന് പ്രിയ നേതാവിന്‍റെ ചൂടാറിയ ശരീരവും വഹിച്ച് ടൗൺഹാളിന്‍റെ മുറ്റത്ത് നിന്ന് ആംബുലൻസ് പുറപ്പെടുമ്പോൾ എല്ലാ നിരത്തുകളിലും തിങ്ങി നിറഞ്ഞ് ആയിരങ്ങൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ആരും പാണക്കാട്ടേക്ക് വരേണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ മൈക്കിലൂടെ വിളിച്ചു പറഞ്ഞെങ്കിലും തടിച്ചു കൂടിയവരിൽ പലരും പ്രിയ നേതാവിനെ കാണാൻ പാണക്കാട്ടേക്ക് തിരിച്ചു. പലരും നിരാശരായി മടങ്ങി. നിന്ന് തളർന്നവർ കടവരാന്തകളിൽ ഇരുന്ന് പരസ്പരം അടക്കം പറഞ്ഞു. വാഹനത്തിൽ യാത്രതിരിച്ചവരെ വലിയങ്ങാടിയിലും ഹാജിയാർപള്ളിയിലും പൊലീസ് തടഞ്ഞു. പാണക്കാട്ടേക്കുള്ള വഴികൾ എല്ലാം പൊലീസ് അടച്ചെങ്കിലും അതൊന്നും അണികൾക്ക് തടസമായില്ല. പാതിരാവിലും നൂറുകണക്കിനാളുകൾ കാൽ നടയായി പാണക്കാട്ടെത്തി.
മൃതദേഹം കഫൻ ചെയ്യുന്നതിനായി പാണക്കാട് വീട്ടിലെത്തിച്ചപ്പോഴും എവിടെ നിന്നെക്കെയോ ഒഴുകിയെത്തിയ വൻ ജനാവലി തങ്ങളെ അവസാനമായി കാണാനുണ്ടായിരുന്നു. വീട്ടിൽ നിന്ന് തൊട്ടടുത്ത പള്ളിയിലേക്ക് നമസ്കാരത്തിനും ഖബറടക്കത്തിനുമായി എത്തിയപ്പോഴേക്കും പള്ളിയുടെ പരിസരം തിങ്ങി നിറഞ്ഞു. പലരുടെയും കണ്ണുകൾ കലങ്ങി. അടക്കിപ്പിടിച്ച തേങ്ങലുകൾ രാവിലുയർന്നു. പള്ളിയിൽ നടന്ന നമസ്കാരത്തിന് മകൻ മുഈനലിയും സഹോദരൻ സാദിഖലി തങ്ങളും നേതൃത്വം വഹിച്ചു. ആയിരങ്ങളുടെ ആശ്വാസവും അഭയ കേന്ദ്രവും സൗമ്യ സാന്നിധ്യവുമായിരുന്ന തങ്ങളുടെ ഭൗതിക ശരീരം പുലർച്ചെ 2.20 ന് കടലുണ്ടിപ്പുഴയുടെ തീരത്തെ പച്ച മണ്ണിന്‍റെ ഗന്ധമുള്ള ഖബറിലെ ഇരുട്ടിലേക്ക് താഴുമ്പോൾ ആയിരങ്ങളുടെ തൊണ്ടയിൽ നിന്ന് പ്രാർഥന മന്ത്രങ്ങൾ ഉയർന്നു. പുഴയോളങ്ങളും ആകാശത്തെ നക്ഷത്രങ്ങളും അതിന് സാക്ഷികളായി. രാവുറങ്ങാതെ തങ്ങളുടെ നേതാവിനെ അനുഗമിച്ചവർ പലവഴിക്ക് പിരിയുമ്പോൾ പാണക്കാട്ടെ ഖബർസ്ഥാനിലെ ഇരുട്ടുമാറി വെളിച്ചമെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.