Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാവുറങ്ങാതെ മലപ്പുറം;...

രാവുറങ്ങാതെ മലപ്പുറം; ഒരു നോക്ക്​ കാണാനാവാതെ ആയിരങ്ങൾ

text_fields
bookmark_border
രാവുറങ്ങാതെ മലപ്പുറം; ഒരു നോക്ക്​ കാണാനാവാതെ ആയിരങ്ങൾ
cancel

മലപ്പുറം: പാണക്കാട്​ ഹൈദരലി തങ്ങളുടെ മരണ വാർത്ത അറിഞ്ഞതു മുതൽ എല്ലാ വഴികളും ഒഴുകിയത്​ മല​പ്പുറത്തേക്കായിരുന്നു. ​ പല വഴികളിലൂടെ ഇടമുറിയാതെ എത്തിയ ആ പ്രവാഹം നേരം പുലരും വരെ തുടർന്നു. വൈകിട്ട്​ 6.45ഓടെയാണ്​​ മൃതദേഹം മലപ്പുറം ടൗൺഹാളിൽ എത്തിച്ചത്​. അപ്പോഴേക്കും മലപ്പുറം നഗരം തിരക്കിൽ മുങ്ങിയിരുന്നു. പ്രിയ നേതാവിനെ ഒരു നോക്ക്​ കാണാൻ ഇരച്ചെത്തിയവരെ നിയന്ത്രിക്കാൻ പൊലീസും വളന്‍റിയർമാരും ഏറെ വിയർത്തു.

ടൗൺ ഹാൾ മുറ്റത്തെ പന്തൽ തിരക്കിൽ വീർപ്പുമുട്ടി. പലപ്പോഴും നിയന്ത്രണം തെറ്റി. ​പ്രധാന ഗെയിറ്റ്​ തകർന്നു. മനുഷ്യസാധ്യമായ എല്ലാ സംവിധാനവുമൊരിക്കിയിരു​ന്നുവെങ്കിലും ​അതെല്ലാം വൈകാരികാന്തരീക്ഷത്തിൽ മതിയാവാതെ വന്നു. പുഞ്ചരി മാഞ്ഞ ആറ്റപ്പൂവിന്‍റെ പൂമുഖം ഒരുനോക്കു കാണാൻ ടൗൺഹാളിന്​ പുറത്ത്​ കാത്തു നിന്നവരുടെ വരി കിഴ​ക്കേത്തലയിലേക്കും മുണ്ടുപറമ്പിലേക്കും നീണ്ടു. രാത്രിയോടെ നഗരത്തിന്​ ഉൾക്കൊള്ളാനാവാത്ത ജനപ്രളയത്തിനാണ്​ മലപ്പുറം സാക്ഷിയായത്​.


ടൗൺഹാൾ നിൽക്കുന്ന മഞ്ചേരി റോഡിലേക്കുള്ള എല്ലാ വഴികളും അടച്ച്​ പൊലീസ്​ ബാരിക്കേഡുകൾ തീർത്തെങ്കിലും ഇരമ്പിയെത്തിയ ജ​നം നഗരവീഥികളെ ശ്വാസംമുട്ടിച്ചു. പരിസരത്തെ കെട്ടിടങ്ങൾക്കു മുകളിലെല്ലാം മൃതദേഹം കൊണ്ടുപോകുന്നതുവരെ നിരവധിയാളുകളുണ്ടായിരുന്നു. തിങ്കളാഴ്​ച രാവിലെ 8.30 ഓടെ ടൗൺഹാളിൽ നിന്ന്​ പാണക്കാട്ടെ പള്ളിയിലെത്തിച്ച്​ ഒമ്പതോടെ ഖബറടക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്​. എന്നാൽ, അനിതരസാധാരണമായ ജനത്തിരക്കും മൃതദേഹം അധികം സൂക്ഷിക്കാനാവാത്ത സന്നിഗ്​ധാവസ്ഥയുമുണ്ടായതോടെ അർധ രാത്രി പാണ​ക്കാട്ടേക്ക്​ കൊണ്ടുപോയി പുലർച്ചെ തന്നെ ഖബറടക്കാൻ തീരുമാനിക്കേണ്ടി വന്നു.

12.10ന്​ പ്രിയ നേതാവിന്‍റെ ചൂടാറിയ ശരീരവും വഹിച്ച്​ ടൗൺഹാളിന്‍റെ മുറ്റത്ത്​ നിന്ന്​ ആംബുലൻസ്​ പുറപ്പെടുമ്പോൾ എല്ലാ നിരത്തുകളിലും തിങ്ങി നിറഞ്ഞ്​​ ആയിരങ്ങൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ആരും പാണക്കാട്ടേക്ക് വരേണ്ടെന്ന്​ സാദിഖലി ശിഹാബ് തങ്ങൾ മൈക്കിലൂടെ വിളിച്ചു പറഞ്ഞെങ്കിലും തടിച്ചു കൂടിയവരിൽ പലരും പ്രിയ നേതാവിനെ കാണാൻ പാണക്കാട്ടേക്ക് തിരിച്ചു. പലരും നിരാശരായി മടങ്ങി. നിന്ന്​ തളർന്നവർ കടവരാന്തകളിൽ ഇരുന്ന്​ പരസ്പരം അടക്കം പറഞ്ഞു. വാഹനത്തിൽ യാത്രതിരിച്ചവരെ വലിയങ്ങാടിയിലും ഹാജിയാർപള്ളിയിലും പൊലീസ് തടഞ്ഞു. പാണക്കാട്ടേക്കുള്ള വഴികൾ എല്ലാം പൊലീസ് അടച്ചെങ്കിലും അതൊന്നും അണികൾക്ക്​ തടസമായില്ല. പാതിരാവിലും നൂറുകണക്കിനാളുകൾ കാൽ നടയായി പാണ​ക്കാട്ടെത്തി.


മൃതദേഹം കഫൻ ചെയ്യുന്നതിനായി പാണക്കാട് വീട്ടിലെത്തിച്ചപ്പോഴും എവിടെ നിന്നെക്കെയോ ഒഴുകിയെത്തിയ വൻ ജനാവലി തങ്ങളെ അവസാനമായി കാണാനുണ്ടായിരുന്നു. വീട്ടിൽ നിന്ന് തൊട്ടടുത്ത പള്ളിയിലേക്ക് നമസ്കാരത്തിനും​ ഖബറടക്കത്തിനുമായി എത്തിയപ്പോഴേക്കും പള്ളിയുടെ പരിസരം തിങ്ങി നിറഞ്ഞു. പലരുടെയും കണ്ണുകൾ കലങ്ങി. അടക്കിപ്പിടിച്ച തേങ്ങലുകൾ രാവിലുയർന്നു. പള്ളിയിൽ നടന്ന നമസ്കാരത്തിന്​ മകൻ മുഈനലിയും സഹോദരൻ സാദിഖലി തങ്ങളും നേതൃത്വം വഹിച്ചു. ആയിരങ്ങളുടെ ആശ്വാസവും അഭയ കേന്ദ്രവും സൗമ്യ സാന്നിധ്യവുമായിരുന്ന തങ്ങളുടെ ഭൗതിക ശരീരം പുലർച്ചെ 2.20 ന്​ കടലുണ്ടിപ്പുഴയുടെ തീരത്തെ പച്ച മണ്ണിന്‍റെ ഗന്ധമുള്ള ഖബറിലെ ഇരുട്ടിലേക്ക്​ താഴുമ്പോൾ ആയിരങ്ങളുടെ തൊണ്ടയിൽ നിന്ന്​ പ്രാർഥന മന്ത്രങ്ങൾ ഉയർന്നു. പുഴയോളങ്ങളും ആകാശത്തെ ന​ക്ഷത്രങ്ങളും അതിന്​ സാക്ഷികളായി. രാവുറങ്ങാതെ തങ്ങളുടെ നേതാവിനെ അനുഗമിച്ചവർ പലവഴിക്ക്​ പിരിയുമ്പോൾ പാണക്കാട്ടെ ഖബർസ്ഥാനിലെ ഇരുട്ടുമാറി വെളിച്ചമെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panakkad Hyderali Shihab Thangal
News Summary - Panakkad Hyderali Shihab Thangal
Next Story