തൃശൂർ: അഴിമതി ചോദ്യം ചെയ്തതിന് പഞ്ചായത്ത് അധികൃതരുടെ മാനസിക പീഡനത്തിന് ഇരയായ പാവറട്ടി പഞ്ചായത്ത് സെക്രട്ടറി ഷാജി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഡി.ജി.പിക്ക് ഉത്തരവ് നൽകി. ഷാജിയുടെ ആശ്രിതക്ക് മൂന്ന് മാസത്തിനകം ആശ്രിത നിയമനം നൽകണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. ഷാജിയുടെ ഭാര്യ മുല്ലശ്ശേരി സ്വദേശിനി ഷീബ നൽകിയ പരാതിയിലാണ് കമീഷൻ നേരിട്ട് അന്വേഷണം നടത്തിയത്.
2018 ഒക്ടോബർ 25നാണ് ഷാജിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. 2018 ജൂൺ 30 മുതൽ ആഗസ്റ്റ് നാലുവരെ പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്ത ഷാജി കുടിവെള്ള വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. ആഗസ്റ്റ് രണ്ടിന് നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഷാജിക്കെതിരെ ഭീഷണിയുണ്ടാവുകയും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പഞ്ചായത്ത് ഡയറക്ടർ നിർദേശിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തതിനെത്തുടർന്നാണ് ഷാജി ആത്മഹത്യ ചെയ്തതെന്ന് കമീഷൻ അന്വേഷണ വിഭാഗം പൊലീസ് സൂപ്രണ്ട് ദേവമനോഹർ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.