​​​​'ടോൾ നിർത്തില്ല, വേണമെങ്കിൽ കൂട്ടാം'; പന്നിയങ്കരയിൽ ഏപ്രിൽ ഒന്നു മുതൽ നിരക്കുവർധന, കമ്പനി തീരുമാനം ടോൾ നിർത്തണമെന്ന ആവശ്യത്തിനിടെ

വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ വർധിപ്പിച്ച നിരക്ക് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കാർ, ജീപ്പ്, വാൻ, എൽ.എം.വി വാഹനങ്ങൾ എന്നിവക്ക് ഒരു യാത്രക്കുള്ള നിരക്ക് 115 രൂപയും ഒരു ദിവസം മടക്കയാത്രക്ക് കൂടിയുള്ള തുക 170 രൂപയുമായി വർധിപ്പിച്ചു. ബസ്, ട്രക്ക്, മറ്റ് ടു ആക്സസിൽ വാഹനങ്ങൾക്ക് ഒരു യാത്രക്ക് 360 രൂപയും ഒരേ ദിവസം മടക്കയാത്രക്ക് കൂടിയുള്ള തുക 540 രൂപയുമായി ഉയർത്തി. ഇത്തരം വാഹനങ്ങൾക്ക് ഒരു മാസത്തേക്ക് പാസ് എടുക്കാനുള്ള തുക 12,005 രൂപയാക്കി.

കുതിരാനിലെ തുരങ്കപാതകൾ ഉൾപ്പെടെയുള്ള 28.355 കിലോമീറ്റർ റോഡിനാണ് വർധിപ്പിച്ച നിരക്ക് ഈടാക്കുന്നത്. ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്ററിനുള്ളിൽ രജിസ്റ്റർ ചെയ്ത് താമസിക്കുന്ന വാണിജ്യേതര വാഹനങ്ങൾക്ക് മാസത്തിൽ 350 രൂപക്ക് പ്രവേശനപാസ് എടുക്കാമെന്ന് ടോൾ കമ്പനി പറയുന്നു.

കരാർ വ്യവസ്ഥ പാലിക്കാത്തതിനാൽ സുഗമയാത്ര ഉറപ്പാക്കിയശേഷമേ ടോൾ പിരിക്കാവൂവെന്ന് ആവശ്യപ്പെടുമ്പോഴാണ് നിരക്കുകൾ ഇടക്കിടെ വർധിപ്പിച്ച് കമ്പനി പകൽക്കൊള്ള നടത്തുന്നതെന്ന് യാത്രക്കാർ ആരോപിച്ചു. 90 ശതമാനം പണി പൂർത്തിയായാൽ മാത്രമേ ടോൾ പിരിക്കാവൂവെന്ന് കരാറിൽ കാണിച്ചിരിക്കെ 70 ശതമാനം മാത്രം പണിയായിരിക്കെ നിർമാണം പൂർത്തിയായെന്ന് ചൂണ്ടിക്കാട്ടി 2022 മാർച്ച് ഒമ്പതിനാണ് ടോൾ പിരിവ് തുടങ്ങിയത്. നിർമാണം പൂർത്തീകരിച്ചെന്ന് അവകാശപ്പെടുന്ന ആറുവരിപ്പാതയിൽ പത്തോളം സ്ഥലത്ത് നിർമാണ പ്രവൃത്തി നടക്കുന്നുണ്ട്. സർവിസ് റോഡുകളും ബസ് ബേ, സ്ട്രീറ്റ് ലൈറ്റ്, അഴുക്കുചാൽ നിർമാണങ്ങൾ എന്നിവയും പല ഭാഗത്തും പൂർത്തിയായിട്ടില്ല. വാണിയംപാറയിലും കല്ലിടുക്കിലും മുടിക്കോടും മേൽപാലങ്ങളുടെ പണി നടക്കുകയാണ്. ഇവിടെയെല്ലാം വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. വടക്കഞ്ചേരി മേൽപാലം നിരവധി തവണയായി പൊളിച്ചുപണിയുന്നു.

Tags:    
News Summary - Panniyankara toll plaza to increase rates from April 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.