പന്തീരാങ്കാവ്: ബൈക്ക് യാത്രികനായ 19 വയസ്സുകാരനെ മരണത്തിലേക്ക് ഇടിച്ചുതെറുപ്പിച്ച് നിർത്താതെപോയ ആ വെള്ളക്കാറിന് പിന്നാലെയാണ് പന്തീരാങ്കാവ് പൊലീസ്. ഫെബ്രുവരി 24ന് കൊടൽ നടക്കാവിനടുത്ത് വെച്ചാണ് കുറ്റിക്കാട്ടൂർ പേര്യ പൊക്കാരത്ത് ആദിലിനെ അജ്ഞാത വാഹനമിടിച്ച് തെറുപ്പിച്ചത്. അഴിഞ്ഞിലത്ത് കടയിൽ ജീവനക്കാരനായ ആദിൽ വൈകീട്ട് 7.30ഓടെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ ആദിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അപകടം വരുത്തിയവർ ഇതുവരെ പൊലീസിൽ ഹാജരായിട്ടില്ല. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇടിച്ച കാറിെൻറ പൊട്ടിയ കഷണങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വാഹനത്തിെൻറ മുൻഭാഗത്ത് ഡ്രൈവറുടെ വശത്ത് കാര്യമായ പരിക്കുപറ്റിയിട്ടുണ്ട്. മാരുതിയുടെ എർട്ടിക മോഡൽ വെള്ളക്കാറാണ് അപകടം ഉണ്ടാക്കിയതെന്നാണ് വ്യക്തമായത്. വാഹനം കണ്ടെത്താനുള്ള ഊർജിതശ്രമത്തിലാണ് പൊലീസ്. പന്തീരാങ്കാവ് പൊലീസിെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ അറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തിനകത്തും പുറത്തുംനിന്നായി നിരവധിപേർ ഇത്തരം കാറുകളെ കുറിച്ചുള്ള വിവരം പൊലീസിന് പങ്കുവെക്കുന്നുണ്ട്.
അപകടം വരുത്തിയ വാഹനത്തെ കുറിച്ച് സൂചന നൽകുന്നവരെ കുറിച്ചുള്ള വിവരം പൊലീസ് രഹസ്യമായി സൂക്ഷിക്കുമെന്ന് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ബൈജു കെ. ജോസ് അറിയിച്ചു. വാഹനം കണ്ടെത്താൻ സഹായിക്കുന്ന വിവരം ലഭിക്കുകയോ സംശയം തോന്നുന്നതരത്തിലുള്ള ഏതെങ്കിലും വാഹനം റിപ്പയർ ചെയ്യുന്നതായി വിവരം ലഭിക്കുകയോ ചെയ്താൽ 0495 2437300, 9947711502, 8281773412, 9495083960 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.