ശബരിമല: ശബരീശ ദർശനത്തിന് ശേഷം മാളികപ്പുറത്തെത്തിയാൽ പറകൊട്ടിപ്പാട്ടിന്‍റെ നാദമാണ് ശരണം വിളിക്കൊപ്പം അന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കുന്നത്. വേലാചാര്യൻമാരാണ് പാപദോഷം അകലാൻ ഇവിടെ പറ കൊട്ടിപ്പാടുന്നത്. മാളികപ്പുറം ക്ഷേത്രത്തിനും മണിമണ്ഡപത്തിനുമിടയിൽ നാഗരാജ പ്രതിഷ്ഠയ്ക്കും മലദൈവ പ്രതിഷ്ഠയ്ക്കും മധ്യഭാഗത്തുള്ള പ്രത്യേക സ്ഥാനത്താണ് പറ കൊട്ടിപ്പാട്ട് നടത്തുന്നത്. ഭാരതപറയുടെ നാദം കേൾക്കുന്ന ദിക്കിലെ ദുഃഖവും ദുരിതവും ഒഴിഞ്ഞുപോകുമെന്നാണ് വിശ്വാസം.
അയ്യപ്പന്റെ ശത്രുദോഷം പറകൊട്ടിപ്പാട്ടിലൂടെ അകറ്റിയതോടെയാണ് വേലാചാര്യൻമാർക്ക് ശബരിമലയിലും സ്ഥാനം ലഭിച്ചതെന്നാണ് ഐതിഹ്യം. പന്തളത്ത് വസിച്ചിരുന്ന കാലത്ത് അയ്യപ്പനേറ്റ ശത്രുദോഷം തീർക്കാൻ വൈദികരും മാന്ത്രികരും പരിശ്രമിച്ചിട്ടും സാധിച്ചില്ല. വേലാചാര്യന്മാർക്ക് മാത്രമേ അയ്യപ്പനെ രക്ഷിക്കാൻ കഴിയൂവെന്ന് പരമശിവൻ അരുളി. ദേവന്മാർ വേലന്മാരെ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പരമേശ്വരനും പാർവതീദേവിയും വേലനും വേലത്തിയുമായി വേഷം ധരിച്ച് ഭഗവാന്റെ ശത്രുദോഷം പറ കൊട്ടിപ്പാടി ഒഴിപ്പിച്ചു.
ശബരിമലയിൽ വരുന്ന ഭക്തരുടെ ശത്രുദോഷം, നാവേറ് ദോഷം, പ്രാക്ക് ദോഷം, ദൃഷ്ടി ദോഷം, പിണിയും പിണിപ്പാടും, ഭയവും ഭയപ്പാടും തുടങ്ങി സമസ്ത ദുഃഖവും ദുരിതവും അടി മുതൽ മുടി വരെ പാടി ഒഴിപ്പിക്കാൻ തന്നോടൊപ്പം വേലാചാര്യന്മാർ ഉണ്ടാകണമെന്ന് അയ്യപ്പൻ പന്തളം രാജാവിനോട് ആവശ്യപ്പെട്ടു. പന്തളം രാജാവാണ് വേലൻ സമുദായത്തിന് ശബരിമലയിൽ പറകൊട്ടിപ്പാടാൻ അനുമതി നൽകിയത്. ശബരിമലയിൽ പറയാണ് ഉപയോഗിക്കുന്നത്. മന്ത്ര സഹിതം പറകൊട്ടിപാടി മൂർധാവിലും നെറ്റിയിലും ഭസ്മം അണിയിക്കുന്നതോടെ അതുവരെ ഉണ്ടായിട്ടുള്ള എല്ലാവിധ ദോഷങ്ങളും പരിഹരിക്കപ്പെടുമെന്നാണ് വിശ്വസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.